എഡിറ്റര്‍
എഡിറ്റര്‍
എസ്.എഫ്.ഐയെ മാത്രം വിളിച്ച് ഒരു കരാര്‍ ഉണ്ടാക്കിയാല്‍ അത് വിശ്വസിക്കാന്‍ മാത്രം വിഡ്ഡികളാണോ ജനങ്ങള്‍: വിമര്‍ശനവുമായി കെ. മുരളീധരന്‍
എഡിറ്റര്‍
Thursday 2nd February 2017 12:15pm

k-muraleedharan

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവ് എം.എല്‍.എയുമായ കെ. മുരളീധരന്‍ പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.

പ്രിന്‍സിപ്പല്‍ രാജിവെക്കണം, അക്കാദമിയുടെ പത്ത് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് പ്രിന്‍സിപ്പലിനെതിരേ കേസെടുത്ത സാഹചര്യത്തില്‍ അവരെ അറസ്റ്റുചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം.

ലോ അക്കാദമയിില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടങ്ങിയ ഉടന്‍ പ്രശ്‌നം തീര്‍ക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ ഇതേക്കുറിച്ച് അന്വേഷിച്ച സര്‍വകലാശാല ഉപസമിതി ശരിവച്ചതാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

മാനേജ്‌മെന്റുമായി ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ എല്ലാവരേയും ചര്‍ച്ചയ്ക്കു വിളിക്കുന്നതിനു പകരം എസ്.എഫ്.ഐയെ മാത്രം വിളിച്ച കരാര്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഇത്തരമൊരു കരാര്‍ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ മാത്രം മൂഢന്‍മാരാണോ ഈ നാട്ടിലെ ജനങ്ങളെന്ന് മുരളീധരന്‍ ചോദിച്ചു


Dont Miss പാര്‍ട്ട് ടൈം നിരാഹാര സമരമോ? നിരാഹാര പന്തലില്‍ നിന്നും രാത്രിയായപ്പോള്‍ കാറില്‍കയറിപ്പോകുന്ന വി. മുരളീധരന്റ വീഡിയോ പുറത്ത് 


ഇങ്ങനെ പറ്റിക്കാനാണ് ശ്രമമെങ്കില്‍ അംഗീകരിച്ച് കൊടുക്കാന്‍ സാധ്യമല്ല. വിദ്യാര്‍ഥികളുടെ പരാതികള്‍ ശരിയാണെന്ന് കണ്ടെത്തിയ ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റില്‍ വന്നപ്പോളാണ് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ തനിസ്വരൂപം പുറത്ത് വന്നത്. സിന്‍ഡിക്കേറ്റ് അത് സര്‍ക്കാരിന് വിട്ടിരിക്കുകയാണ്. സര്‍വ്വകലാശാലയാണ് പരമാധികാരി എന്നറിയാത്തവരാണോ സിന്‍ഡിക്കേറ്റ് അംഗങ്ങളെന്നും മുരളീധരന്‍ ചോദിച്ചു.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നും രാജിയില്‍ കുറഞ്ഞത് സ്വീകാര്യമല്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ലോ അക്കാദമിക്ക് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള സമരം ഉദ്ഘാടനം ചെയ്തു.

ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരം 23ാം ദിവസത്തിലേക്കു കടന്നതോടെ പ്രശ്‌നപരിഹാരത്തിനായി ജില്ലാ കലക്ടറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കും. വിദ്യാര്‍ഥി സമരം അക്രമസാക്തമാകുന്ന സാഹചര്യത്തിലാണ് കലക്ടര്‍ ചര്‍ച്ചയ്ക്കു മുന്‍കൈ എടുക്കുന്നത്. ഇന്നു വൈകിട്ട് നാലിനാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. സമരക്കാരും വിദ്യാര്‍ഥി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.
എസ്.എഫ്.ഐ സമരത്തില്‍ നിന്നു പിന്‍മാറിയെങ്കിലും ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കുന്നതു വരെ സമരം തുടരും എന്ന നിലപാടിലാണ് കെഎസ്.യു, എബിവിപി, എ.ഐ.എസ്.എഫ്, എം.എസ്.എഫ്, എ.ഐ.ഡി.എസ്.ഒ തുടങ്ങിയ സംഘടനകള്‍.

Advertisement