കോഴിക്കോട്: മന്ത്രിസ്ഥാനം നിശ്ചയിക്കുമ്പോള്‍ മതസാമുദായിക സന്തുലനം പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. എംഎല്‍എമാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിമാരുടെ എണ്ണം തീരുമാനിക്കുന്നതിനോട് യോജിപ്പില്ലെന്നും അങ്ങനെയൊരു കീഴ്‌വഴക്കം യുഡിഎഫില്‍ ഇതുവരെയില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

കോണ്‍ഗ്രസിന് 45 എം.എല്‍.എമാര്‍ ഉള്ളപ്പോഴും മുഖ്യമന്ത്രി ഉള്‍പ്പടെ 10 മന്ത്രി സ്ഥാനങ്ങളാണുണ്ടായിരുന്നത്. എം.എല്‍.എമാരുടെ എണ്ണം 60 ആയപ്പോഴും 10 പേര്‍ മാത്രമാണുണ്ടായിരുന്നത്. കഷ്ടകാലത്തിന് ഇത്തവണ 38 ആയിപ്പോയെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരുടെ എണ്ണത്തിന് അനുസരിച്ചാണ് മന്ത്രിമാരെ തീരുമാനിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിന് ഇനിയും മന്ത്രിമാരെ ആവശ്യപ്പെടാം. യു.ഡി.എഫിനുള്ളില്‍ കുറുമുന്നണിയുണ്ടാകുന്നത് ആശാസ്യമായി തോന്നുന്നില്ലെന്നം അദ്ദേഹം വ്യക്തമാക്കി.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കണം. കൈപ്പത്തി ചിഹ്‌നത്തില്‍ മത്സരിച്ചാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കും. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനും തിരുവനന്തപുരത്ത് വി.എസ് ശിവകുമാറിനും പാറശാലയില്‍ എ.ടി ജോര്‍ജ്ജിനും കൈപ്പത്തി ചിഹ്നത്തില്‍ ജയിക്കാമെങ്കില്‍ നെയ്യാറ്റിന്‍കരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ കഴിയും. എല്‍.ഡി.എഫില്‍ നിന്ന് വന്ന ഒരാളെ യു.ഡി.എഫ് പിന്തുണക്കരുത്. മുറിവേറ്റ മാക്‌സിസ്റ്റുകാര്‍ക്കു കോണ്‍ഗ്രസില്‍ വലിയ പരിഗണനയാണു ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ വൈകുന്നത് പിറവത്തുകാരെ വഞ്ചിക്കുന്നതിനു തുല്യമാണ്. അനൂപിനെ മന്ത്രിയാക്കുന്നത് വൈകുന്നത് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ചോദ്യം ചെയ്യുമെന്നും വാഗ്ദാനം പാലിച്ചില്ലെങ്കില്‍ നെയ്യാറ്റിന്‍കരയില്‍ തിരിച്ചടിയുണ്ടാകുമെന്നും മുരളീധരന്‍ മുന്നറിയിപ്പു നല്‍കി.

Malayalam News

Kerala News in English