k-muraleedaranതിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തില്‍ ആരും തൃപ്തരല്ലെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തിലും വകുപ്പ് വിഭജനത്തിലും ആര്‍ക്കും തൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വകുപ്പ് വിഭജന തര്‍ക്കം ഭരണത്തിന്റെ നിറം കെടുത്തിയിട്ടുണ്ട്. അഭിപ്രായപ്രകടനം നടത്തിയ മന്ത്രിമാര്‍ രാജിവെക്കണമെന്ന് പറയുന്നത് അസംബന്ധമാണ്. അഭിപ്രായം തുറന്ന് പറഞ്ഞവര്‍ രാജിവെച്ചാല്‍ സര്‍ക്കാര്‍ വീഴും. ഗ്രൂപ്പില്ലാത്തവര്‍ക്ക് മന്ത്രിസ്ഥാനമില്ലെന്നതാണ് സ്ഥിതി. എം.എല്‍.എമാരുമായി കൂടിയാലോചിച്ചായിരുന്നു മന്ത്രിമാരെ നിശ്ചയിക്കേണ്ടിയിരുന്നത്. എം.എല്‍.എ ആയ താന്‍ പോലും കാര്യങ്ങള്‍ അറിയുന്നത് മാധ്യമങ്ങള്‍ വഴിയാണെന്നും മുരളീധരന്‍ പറഞ്ഞു.

അച്ചടക്ക നടപടി കഴിഞ്ഞ് കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയ ശേഷം ആദ്യമായാണ് കെ.മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയത്. നേരത്തെ വി.ഡി.സതീശനും ടി.എന്‍ പ്രതാപനും വി.എം സുധീരനും മന്ത്രിസഭാ രൂപീകരണത്തിലെ പോരായ്മകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. പരിചയസമ്പന്നരെ തഴഞ്ഞ് ഗ്രൂപ്പ് നോക്കിയാണ് മന്ത്രിസ്ഥാനം നല്‍കിയതെന്നാണ് ഉയര്‍ന്ന വിമര്‍ശനം.