കെ മധുപാല്‍

നിരീക്ഷണപാടത്തെ കവച്ച് നില്‍ക്കുന്ന ഇന്റലിജന്‍സാണ് ഈ നടന്റെ പ്ലസ് പോയിന്റ്. അപാരമായ ലിറ്റററി സെന്‍സുള്ള ഒരു നടന്‍, അയാള്‍ ജീവിതം അവതരിപ്പിക്കുമ്പോള്‍ മലയാളത്തിനതൊരു ധന്യമുഹൂര്‍ത്തമാണ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സലീം കുമാറിന്റെ അഭിനയജീവിതത്തെ സംവിധായകനും നടനും എഴുത്തുകാരനുമായ കെ മധുപാല്‍ വിലയിരുത്തുന്നു.

വളരെ ബ്രില്യന്റായ നടനാണ് സലീം കുമാര്‍. മനുഷ്യസഹചമായ വികാരങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഒരു നടന് ഒബ്‌സര്‍വ്വേഷനുപരി ഇന്റലിജന്‍സ്‌കൂടി വേണം. സലീം കുമാറിന് ഈ ഗുണമുണ്ടാകുന്നത് അദ്ദേഹത്തിന്ന് ലിറ്റററി സെന്‍സുള്ളതിനാലാണ്. എഴുത്തും വായനയും അറിയുന്ന ഒരാള്‍. സലീം കുമാറിനെ കുറിച്ച് വളരെ താത്പര്യമുളവാക്കുന്ന വസ്തുത ഒരു കൂട്ടം കമ്മ്യൂണിസ്റ്റുകള്‍ വസിക്കുന്ന ഗ്രാമത്തിനുള്ളില്‍ ജീവിക്കുന്ന കോണ്‍ഗ്രസുകാരനായ ഒരു ചെറുപ്പക്കാരനും കുടുംബവും എന്ന യാഥാര്‍ത്ഥ്യമാണ്. അയാള്‍ ജീവിതത്തെ കാണുന്നത് ഒറ്റപ്പെടലുകളില്‍ നിന്നുള്ള കൂട്ടായ്മയായിട്ടാണ്. ഈ ഒരു വീക്ഷണം അയാളുടെ പ്രവര്‍ത്തിയേയും വാക്കുകളേയും സ്വാധീനിക്കുന്നുണ്ട്. അത് മനസ്സിലാക്കികൊണ്ടുള്ള ഫെര്‍ഫോമന്‍സാണ് സലീം കുമാറിന്റെ അഭിനയം. ആ അഭിനയതാവിന്റെ ജീവിത വീക്ഷണത്തിന് വിവിധ മാനങ്ങള്‍ ഉണ്ട്. സലീം കുമാര്‍ പ്രായമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഈ ഘടകങ്ങള്‍ തന്നെയാണ് റിഫ്‌ളക്റ്റ് ചെയ്യുന്നത്. പെരുമഴക്കാലം, ഗ്രാമഫോണ്‍, അച്ഛനുറങ്ങാത്ത വീട് വാസ്തവം എന്നീ സിനിമകള്‍ അതിനുദാഹരണം. സലീം കുമാര്‍ ചെയ്യുന്ന മുസ്ലിം കഥാപാത്രങ്ങള്‍ എപ്പോഴും വേറിട്ട് നില്‍ക്കുന്നതും ആ അഭിനയത്തിന്റെ നിരീക്ഷണത്തിലെ സൂക്ഷ്മത ആ കഥാപാത്രങ്ങള്‍ ജീവന്‍ നല്‍കുന്നതും കൊണ്ടാണ്.

ഈ നടനെ നമ്മുടെ സംവിധായകര്‍ ശരിക്കും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് പരാതി പറയാനാവില്ല. കഥപറയുമ്പോള്‍ പോലുള്ള സിനിമകള്‍ ഓര്‍ക്കുക. ലാല്‍ ജോസിന്റെ പട്ടാളത്തിലെ പോലീസുകാരനായി വരുമ്പോഴും മീശമാധവനിലെ വക്കീലായി വരുമ്പോഴും സ്ലാസ്റ്റിക് കോമഡി അവതരിപ്പിക്കുന്ന സലീം കുമാറിന്റെ കഥാപാത്രങ്ങള്‍ അതില്‍ ജീവിതം നിറച്ച് വെച്ചു. ഒരു തിരക്കഥയെ അതിന് മുകളിലേക്ക് കൊണ്ട് പോകാന്‍ കഴിയുന്നുവെന്നതാണ് ഈ നടന്റെ വിജയം. ജഗതി ശ്രീകുമാര്‍ പറഞ്ഞത് പോലെ കൃത്യമായി പറഞ്ഞാല്‍ വാടകക്ക് വെച്ച സൈക്കിള്‍ തന്നെയാണ് നടന്മാര്‍. സൈക്കിള്‍ ഓടിക്കാന്‍ അറിയുന്നവര്‍ അത് നന്നായി ചവിട്ടും. സലീം കുമാറിന്റെ മുന്നില്‍ ഒരു വെല്ലുവിളിയായി എന്തെങ്കിലുമുണ്ടെങ്കില്‍ തന്നെ അത് അദ്ധേഹത്തിന് ഭാവിയില്‍ കിട്ടാന്‍ പോകുന്ന കഥാപാത്രങ്ങള്‍ തന്നെയായിരിക്കും.