Categories

ജോസ് കെ മാണിയുടെ പ്രകടനപത്രിക സംബന്ധിച്ച എല്ലാ തെളിവുകളും കയ്യിലുണ്ടെന്ന് മാണി

k.m-mani.

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് .കെ മാണിയുടെ പ്രകടനപത്രിക സംബന്ധിച്ചുള്ള എല്ലാ തെളിവുകളും കയ്യിലുണ്ടെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി.

ആവശ്യമുള്ള സമയത്ത് രേഖകള്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി സമര്‍പ്പിച്ച പ്രകടനപത്രികയില്‍ തെറ്റുണ്ടെന്നത് സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച ഫോം എയില്‍ ജോസ് കെ.മാണിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് ഇന്ന് പത്രിക സ്വകരിക്കുന്നത് മാറ്റിവച്ചത്.

തുടര്‍ന്ന് ജോസ് കെ. മാണിക്കെതിരെയുള്ള പരാതി ഗൗരവമേറിയതാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അജിത്കുമാര്‍ അറിയിച്ചിരുന്നു.

ജോസ് കെ. മാണിയും പരാതിക്കാരും നാളെ രാവിലെ പതിനൊന്ന് മണിക്ക് മുന്‍പായി വിശദാംശങ്ങള്‍ നല്‍കണമെന്നും ബുധനാഴ്ച പരാതിയിന്മേലുള്ള തെളിവെടുപ്പ് നടക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അനുസരിച്ച് സി.എഫ്. തോമസാണ് പാര്‍ട്ടി ചെയര്‍മാന്‍ . 2005ലാണ് സി.എഫ്. തോമസിനെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തത്.

എന്നാല്‍, 2008ല്‍ കെ.എം. മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തെങ്കിലും ഇതിന്റെ രേഖകള്‍ ഇലക്ഷന്‍ കമ്മീഷന്റെ പക്കലില്ല. ആയതിനാല്‍ സ്ഥാനാര്‍ഥിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ സി.എഫ്. തോമസിനെ ചുമതലപ്പെടുത്താന്‍ കെ.എം. മാണിക്ക് അധികാരമില്ലെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.