എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ : വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരുന്നതുവരെ നടപ്പാക്കരുതെന്ന് കെ.എം മാണി
എഡിറ്റര്‍
Friday 15th November 2013 12:21pm

k.m-mani.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കേന്ദ്ര തീരുമാനം നടപ്പിലാക്കരുതെന്ന് ധനമന്ത്രി കെ.എം മാണി.

സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കാതെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിരോധാഭാസമാണെന്ന് കെ.എം മാണി അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് തന്നെയാണ് തനിക്കുമെന്നും മാണി പറഞ്ഞു.

പൊതുജനാഭിപ്രായം തേടിയതിനു ശേഷമേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാവൂവെന്നും അല്ലാതെ നടപ്പിലാക്കിയാല്‍ അത് യു.പി.എ സര്‍ക്കാരിനെ ബാധിക്കുമെന്നും മാണി പറഞ്ഞു.

തോട്ടഭൂമിയുടെ ഒരു ഭാഗം വനമാക്കി മാറ്റണം എന്നതടക്കമുള്ള നിരവധി കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

ഇതെല്ലാം കര്‍ഷകര്‍ക്ക് ദോഷം ചെയ്യുന്നവയാണ്. ഇത്തരം മാനദണ്ഡങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നായിരുന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ 633 പഞ്ചായത്തുകളെയാണ് പരിസ്ഥിതിലോല പ്രദേശങ്ങളായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇത് 123 വില്ലേജുകളായി കുറവു ചെയ്യുകയായിരുന്നു.

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന കൃഷിഭൂമിയില്‍ പോലും നിയന്ത്രണങ്ങള്‍ ബാധകമാകുമെന്നും മാണി ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ടിനെതിരെ കേരള കോണ്‍ഗ്രസ് ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്നും മാണി പറഞ്ഞു.

എല്‍.ഡി.എഫുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജാതകം നോക്കേണ്ടെന്നായിരുന്നു മാണിയുടെ മറുപടി.

Advertisement