ഇനിയും എനിക്കൊരു ജീവിതമുണ്ടായാല്‍
ഞാന്‍ ലളിതമായി വസ്ത്രം ധരിക്കും.
കുറച്ചുറങ്ങും, കുറച്ചു ഭക്ഷിക്കും,
നാട്യങ്ങളെ സൂര്യന്റെ നേര്‍ക്കെറിയാം.
-ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കസ്

ജീവിതത്തെ ഏറെ നിസാരവത്കരിക്കുന്ന ലോകത്തോട് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കസ് ഒരിക്കല്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. രോഗബാധിതനായി അജ്ഞാതവാസത്തില്‍ ജീവിക്കുന്ന കാലത്താണ് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കസ് ഇങ്ങനെ പറഞ്ഞത്. ഭൂമിയില്‍ മനുഷ്യന്റെ സ്പന്ദനങ്ങള്‍ എത്രയോ വലുതാണെന്ന് ഇത് സൂചിപ്പിക്കുന്നു.

ജീവിതം എപ്പോഴും വിലപ്പെട്ടതും ആദര്‍ശാത്മകവുമാണ്. ഒരു തരത്തില്‍ ഗാന്ധിയും കേളപ്പനും അബ്ദുറഹിമാന്‍ സാഹിബുമൊക്കെ ഇത്തരത്തില്‍ അനുസ്മരിക്കപ്പെടേണ്ടവരാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പള്ളിക്കര ടി.പി. കുഞ്ഞികൃഷ്ണന്‍ കേളപ്പന്റെ ജീവചരിത്രത്തിലൂടെ.

അവനവനെ മറന്നുപോകുന്ന ഒരാളിലൂടെ ലോകത്തിനു എന്ത് കിട്ടുന്നു എന്നത് എന്നും നമുക്ക് അത്ഭുതമുളവാക്കുതാണ്. അവനവനെ മറന്നവരിലൂടെ മാത്രമേ ഈ ലോകമുണ്ടായിട്ടുള്ളൂ. കേളപ്പന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാമൂഹ്യജീവിതത്തിലും വ്യക്തി ജീവിതത്തിലും എന്തായിരുന്നു എന്ന് ഒരു സാധാരണക്കാരന്റെ വീക്ഷണകോണില്‍നിന്ന് നോക്കിക്കാണുന്നു ‘കെ. കേളപ്പന്റെ ജീവിതം’ എന്ന ഈ ജീവചരിത്രക്കുറിപ്പുകള്‍.

പലപ്പോഴും ഏറെ പൊലിപ്പിച്ച് എഴുതുന്ന രീതി നമ്മുടെ എഴുത്തുകാര്‍ക്കിടയില്‍ കണ്ടുവരുന്നു. എന്നാല്‍ ടി.പി കുഞ്ഞികൃഷ്ണന്‍ അത്തരത്തിലുള്ള ഒരതിഭാവുകത്വത്തിലേക്കും ഈ കൃതിയെ കൊണ്ടു പോവുന്നില്ല. തീര്‍ച്ചയായും ഇത് കേരളത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരേടാണ്. ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് ഒരു വഴിയും. ടി.പിയുടെ അന്വേഷണവും കണ്ടെത്തലുകളും ഓര്‍മകളും ആദര്‍ശങ്ങളുമെല്ലാം ഈ പുസ്തകത്തിലുണ്ട്. ലളിതമായ ഇടപെടല്‍ ഒരു വലിയ മനുഷ്യന്റെ വെളിച്ചവും ഈ കൃതിതരുന്നു.

നിശാഗന്ധി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ഈ പുസ്തകത്തിന് മുഖക്കുറിപ്പ് എഴുതിയത് മണിയൂര്‍ ഇ. ബാലനാണ്. വില 120 രൂപ. പുസ്തകത്തിന്റെ പ്രസാധനം ഹമീദ് ചേന്നമംഗലൂര്‍ പി. എന്‍ ദാസിന് നല്‍കി നിര്‍വഹിച്ചു.