പൊളിറ്റിക്കല്‍ ഡസ്‌ക്‌

കെ.കരുണാകരന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ ഒരു അധ്യായമാണ് അവസാനിക്കുന്നത്. നാലു തവണ കേരള മുഖ്യമന്ത്രിയായ കണ്ണോത്ത് കരുണാകരന്‍ മാരാര്‍ എന്ന കെ കരുണാകരന്‍ കേരള രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു.

1918 ജൂലൈ 5ന് കണ്ണോത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി മാരസ്യാരുടെയും മകനായി കണ്ണൂരില്‍ ജനിച്ച അദ്ദേഹം രാജാസ് ഹൈസ്‌കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ ജയിച്ചതിനു ശേഷം തൃശ്ശൂര്‍ ആര്‍ട്‌സ് കോളെജില്‍ ചിത്രമെഴുത്തും ഗണിതശാസ്ത്രവും പഠിച്ചു. സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് കരുണാകരന്റെ രാഷ്ട്രീയ പ്രവേശനം തുടങ്ങുന്നത്. കൊച്ചി രാജ്യപ്രജാമണ്ഡലത്തിലെ ഒരു പ്രവര്‍ത്തകനായി തുടങ്ങിയ കരുണാകരന്‍ പിന്നീട് തൃശ്ശൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി 1945 മുതല്‍ 1947 വരെ പ്രവര്‍ത്തിച്ചു.

പനമ്പിള്ളി ഗോവിന്ദമേനോന്‍, സി കെ ഗോവിന്ദന്‍ നായര്‍ എന്നിവരുടെ ശിഷ്യനായി രാഷ്ട്രീയത്തിലെ പാഠങ്ങള്‍ അഭ്യസിച്ചു. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനമായിരുന്നു രാഷ്ട്രീയത്തിലെ ആദ്യ കളരി. 1969 മുതല്‍ 1995 വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമതി അംഗമായിരുന്നു. 1995ല്‍ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കരുണാകരന്‍ ഒരു വര്‍ഷത്തോളം കേന്ദ്ര വ്യവസായ മന്ത്രിയായിരുന്നു. കേരള നിയമസഭയിലേക്ക് ഏഴ് തവണ തിരഞ്ഞെടുക്കപ്പെട്ടു. ഐ.എന്‍.ടി.യു.സിയുടെ സ്ഥാപക അംഗമായിരുന്നു.

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം കേരള ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപനമുണ്ടാകുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.ഇ.സി വിദ്യാര്‍ഥിയായിരുന്ന രാജന്‍ കൊല്ലപ്പെട്ടത് വിവാദമായി. രാജനെ കോടതിയില്‍ 24 മണിക്കൂറിനകം ഹാജരാക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. രാജന്റെ പിതാവ് ഈച്ചരവാര്യര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിിയില്‍ വാദം കേള്‍ക്കവേയാണ് ഹൈക്കോടതി ഈ ഉത്തരവു പുറപ്പെടുവിച്ചത്. ഹൈക്കോടതിയില്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയതിനെത്തുടര്‍ന്ന് കരുണാകരന് രാജിവെക്കേണ്ടിവന്നു.

1965 മുതല്‍ 1995 വരെ തുടര്‍ച്ചയായി കേരള നിയമസഭയിലെത്തിയത് മാള എന്ന ഒറ്റ മണ്ഡലത്തില്‍ നിന്നായിരുന്നു. ഇടക്ക് ഒരു തവണ മാത്രം മാളക്കൊപ്പം നേമത്തും മത്‌സരിച്ചു. രണ്ടിടത്തും വിജയം കണ്ടു. 1967 മുതല്‍ 1995 വരെ കരുണാകരനായിരുന്നു നിയമസഭയിലെ കോണ്‍ഗ്രസം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് . 1969 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കരുണാകരന്‍ ഇന്ദിരാഗാന്ധിയോടൊപ്പം നിന്നു.

കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി പ്രവര്‍ത്തിച്ചു അദ്ദേഹം. 1995 മെയില്‍ രാജ്യസഭാംഗമായി. 1996 ജൂണ്‍ വരെ കേന്ദ്ര മന്ത്രിസഭയില്‍ വ്യവസായ മന്ത്രി. 1996 ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടതായിരുന്നു തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കെ കരുണാകരന്റെ ആദ്യ പരാജയം. പിന്നീട് 1998 ല്‍തിരുവനന്തപുരത്തു നിന്നും 1999 ല്‍ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2006 മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് വിട്ട് ഡമോക്രാറ്റിക്ക് ഇന്ദിര കോണ്‍ഗ്രസ് (കരുണാകരന്‍) എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി. തുടര്‍ന്നുവന്ന് തദ്ദേശീയഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മുമായി ധാരണയുണ്ടാക്കി. ഈ കൂട്ടുകെട്ട് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും ചെയ്തു.

ഡി.ഐ.സിയുണ്ടാക്കി ഇടത് പകക്ഷത്ത് ചേക്കേറുവാനുള്ള കരുണാകരന്റെ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടു. തുടര്‍ന്ന് 2006 സെപ്തംബറോടെ ഡിഐസി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി(നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി) എന്ന പാര്‍ട്ടിയില്‍ ലയിച്ചു. ഡി.ഐ.സിയെ എന്‍.സി.പിയില്‍ ലയിപ്പിക്കാന്‍ കരുണാകരന്റെ പൂര്‍ണ്ണ പിന്തുണ ഇല്ലാതിരുന്നിട്ടും മകന്‍ മുരളീധരന്‍ ലയനത്തിന് മുന്‍കയ്യെടുക്കുകയായിരുന്നു. ഇതോടെ എന്‍.സി.പി ഇടതുമുന്നണിയില്‍ നിന്നും പുറത്തായി.

ഏതാനും നാള്‍ കഴിഞ്ഞ് കരുണാകരന്‍ വീണ്ടും പഴയ തട്ടകമായ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങി. ആദ്യം സംസ്ഥാന നേതൃത്വം കരുണാകരന്റെ പുനപ്രവേശനത്തെ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും മുതിര്‍ന്ന നേതാവായ കരുണാകരനെ തിരിച്ചെടുക്കാന്‍ ഹൈക്കമാന്റ് തീരുമാനിക്കുകയായിരുന്നു. ഇതോടെ കേരള രാഷ്ട്രീയത്തിലെ ചാണക്യനും കോണ്‍ഗ്രസിലെ കരുത്തനായ നേതാവുമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കരുണാകരന്‍ നിരായുധനായി തിരിച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തി.

അച്ഛന്റെ ചുവടുമാറ്റം ഏറ്റവും ആഘാതമുണ്ടാക്കിയത് മകന്‍ മുരളീധരനായിരുന്നു. മുരളിയും കോണ്‍ഗ്രസിലേക്ക് തിരിച്ചു വരണമെന്നായിരുന്നു കരുണാകരന്റെ ആഗ്രഹം. അതിനായി അദ്ദേഹം നടത്തിയ ചരടുവലികളൊന്നും പൂര്‍ണ ലക്ഷ്യത്തിലെത്തിയിട്ടില്ല.