തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഹസനമാണെന്നും ഈ തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കില്ലെന്നും മുതിര്‍ന്ന നേതാവ് കെ.കരുണാകരന്‍. കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നത് പാര്‍ട്ടി ഭരണഘടന പാലിക്കാതെയാണെന്നും കരുണാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പാര്‍ട്ടിയുടെ നേതൃത്വം പിടിച്ചെടുക്കാന്‍ ചിലര്‍ ഗൂഡശ്രമം നടത്തുകയാണ്്്. സമവായം എന്ന പേരില്‍ ചില ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. ഇത്തരുണത്തില്‍ നടക്കുന്ന സംഘടന തിരഞ്ഞെടുപ്പ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തും. പാര്‍ട്ടി പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോവരുതെന്നും അദ്ദേഹം പറഞ്ഞു. ഈ സംഘടന തിരഞ്ഞെടുപ്പില്‍ താനും പങ്കാളിയാണെന്ന് പറയുന്നത് തനിക്ക് ലജ്ജാകരമാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇങ്ങിനെ തിരഞ്ഞെടുപ്പുണ്ടായിട്ടില്ല.

ഹൈക്കമാന്റില്‍ വിശ്വാസം നഷ്ട്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ അവരെ സമീപിക്കും. എന്നാല്‍ കേരളത്തിലെ നേതൃത്വം ഹൈക്കമാന്റിനെ പറഞ്ഞ് പറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തന്നെ വന്നു ഇടക്കിടെ വന്നു കാണുന്നത് നാട്ടുകാരെ പറ്റിക്കാനാണ്. നിരാശയോടെ രംഗം വിടാന്‍ തയ്യാറല്ലെന്നും താനിവിടയൊക്കെ തന്നെ കാണുമെന്ന് പറഞ്ഞാണ് കെ കരുണാകരന്‍ പത്രസമ്മേളനം അവസാനിപ്പിച്ചത്.