എഡിറ്റര്‍
എഡിറ്റര്‍
ഇനി ഞാന്‍ ഈ പാര്‍ട്ടിയിലില്ല; കെ.കെ.മാധവന്‍
എഡിറ്റര്‍
Friday 10th August 2012 9:14pm

“സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നില്ലെന്ന് ഞാന്‍ ഉറപ്പിച്ച് തീരുമാനിച്ച് കഴിഞ്ഞു. ഇത് ആദ്യമായാണ് ഞാന്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്. എന്റെ തിക്താനുഭവങ്ങളാണ് ഈ തീരുമാനമെടുപ്പിച്ചത്. കേന്ദ്രനേതൃത്വമെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ടി.പി. കൊല്ലപ്പെട്ടതിനുശേഷം 3 തവണ പ്രകാശ് കാരാട്ടിന് കത്തെഴുതി. മലയാളത്തിലും ഇംഗ്ലീഷിലും. ഫാക്‌സ് അയച്ചു. എന്റെ കത്ത് നിസ്സാരമായിരിക്കാം. എങ്കിലും ഞാന്‍ ഉന്നയിച്ച വിഷയം നിസ്സാരമല്ല.” കെ.കെ. മാധവന്‍ സംസാരിക്കുന്നു..


ഫേസ് ടു ഫേസ് : കെ.കെ.മാധവന്‍/വി.കെ. സുരേഷ്


ഒരു തലമുറയുടെ കമ്മ്യൂണിസത്തിന്റെ കഥ പറയാനുണ്ട് മാധവേട്ടന്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമര ചരിത്രത്തിന്റെ ചുവരില്‍ കുറിച്ചിട്ട തീക്ഷ്ണാനുഭവങ്ങളുടെ കഥ. വിയര്‍പ്പിന്റെ ഉപ്പും കഷ്ടപ്പെടുന്നവന്റെ യാതനകളോടുള്ള കണ്ണീരും അവനുവേണ്ടിയിട്ടുള്ള വിമോചന പ്രവര്‍ത്തനങ്ങളോടുള്ള അടങ്ങാത്ത ആവേശവും സിരകളില്‍ ആര്‍ത്തിരമ്പിയ യൗവ്വനം ഒരു പ്രസ്ഥാനത്തിന് സന്തോഷത്തോടെ സമ്മാനിച്ച ഒരുപാട് കമ്മ്യൂണിസ്റ്റുകാരില്‍ ഈ വൃദ്ധനും പെടും.  ഈ കമ്മ്യൂണിസ്റ്റുകള്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ ലക്ഷ്യവും സ്വപ്‌നങ്ങളും നന്മയും തൊഴിലാളി വര്‍ഗത്തോടും പണിയെടുക്കുന്നവരോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും തങ്ങള്‍ക്കുള്ള അടങ്ങാത്ത സ്‌നേഹവും കാരണമാണ് ആ പ്രസ്ഥാനത്തിന് തങ്ങളുടെ യൗവ്വനം വെച്ചുനീട്ടിയത്. അവര്‍ ഇന്ന് ഈ പ്രസ്ഥാനത്തില്‍ നിന്ന് പടിയിറങ്ങുകയാണ്. അതില്‍ സന്തോഷിക്കാന്‍ ഒരു മനുഷ്യസ്‌നേഹിക്കും കഴിയില്ല. എന്നാല്‍ ഈ പടിയിറക്കം ചരിത്രം അനിവാര്യമാക്കിത്തീര്‍ത്തതാണെന്നും നന്മയുടെ പുതിയ പ്രതീക്ഷകളിലേയ്ക്ക്, കൂടുതലുയര്‍ന്ന കമ്മ്യൂണിസ്റ്റ് ദൗത്യങ്ങള്‍ക്കുള്ള എണ്ണ പകരലായിരിക്കുമിതെന്നും വിശ്വസിക്കുന്നവരും ഏറെയാണ്. സമകാലിക മലയാളം വാരികയില്‍ മാധവേട്ടനുമായി വി.കെ സുരേഷ് നടത്തിയ ദീര്‍ഘ സംഭാഷണം ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നു.


Ads By Google
കെ.കെ.മാധവന്‍ എന്ന കമ്മ്യൂണിസ്റ്റ് പോരാളി സി.പി.എമ്മിന്റെ പടിയിറങ്ങുകയാണ്. കമ്മ്യൂണിസ്റ്റ് വിശുദ്ധിയില്‍ നഞ്ഞുകലര്‍ത്തിയ  പുത്തന്‍ നേതൃത്വപ്രമാണിമാരുടെ ചെയ്തികളില്‍ പ്രതിഷേധിച്ച്. ടി.പി.ചന്ദ്രശേഖരന്റെ ഭാര്യാപിതാവാണ് കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ സ്വദേശി കണ്ണച്ച് കണ്ടി മാധവന്‍. മകളുടെ ഭര്‍ത്താവിനെ മെയ് 4ന് വള്ളിക്കാട് ടൗണില്‍വെച്ച് 51 വെട്ടിനാല്‍ തീര്‍ത്തവരോട് മാധവേട്ടന്‍ പറയുന്നു, ഇത് കമ്മ്യൂണിസ്റ്റ് വിശുദ്ധിയുടെ വഴിയല്ലെന്ന്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച സൗമ്യസാന്നിധ്യമാണ് നടുവണ്ണൂരുകാര്‍ക്ക് മാധവേട്ടന്‍. വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റ് തലയില്‍ ദേശാഭിമാനി കെട്ടുമായി നാട്ടിടവഴികളും നാട്ടുപാതകളും താണ്ടി അന്തിമയങ്ങിയിട്ടും വീടെത്താതെ പാര്‍ട്ടി യോഗങ്ങളിലേക്ക് പോകുന്ന മാധവേട്ടനെ വര്‍ഷങ്ങളായി നടുവണ്ണൂരുകാര്‍ക്കറിയാം. താന്‍ മാത്രമല്ല എല്ലാ മക്കളും കമ്മ്യൂണിസ്റ്റ് വഴിയിലേക്ക് പോകണമെന്ന  നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിനുമുണ്ടായിരുന്നു. മക്കളൊന്നും വഴിതെറ്റി പാര്‍ട്ടിക്കാരായി പോവരുതെന്ന് നിശ്ചയിച്ചുറപ്പിച്ച വഴിയല്ല മാധവട്ടന്റേത്. അതുകൊണ്ടുതന്നെ എസ്.എഫ്.ഐ. മുന്‍ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.രമയെ ചന്ദ്രശേഖരന്റെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ മാധവേട്ടന് ശങ്ക തെല്ലുമുണ്ടായിരുന്നില്ല. എന്നാല്‍ തന്റെ എഴുപത്തി അഞ്ചാം വയസ്സില്‍ പാര്‍ട്ടി ചെയ്ത കൊടുംക്രൂരതയില്‍ മനംനൊന്ത് അദ്ദേഹം പടിയിറങ്ങുന്നു. പൊതുപ്രവര്‍ത്തനത്തിന്റെ വിശുദ്ധിയില്‍ സംതൃപ്തമായിരുന്ന ആ മാതൃകാ കമ്മ്യൂണിസ്റ്റ് ചങ്കിലെ വേദനയും നടന്നു തീര്‍ത്ത വഴികളിലെ അനുഭവങ്ങളും തുറന്നു പറയുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ജനകീയ അനുഭവത്തിന്റെ കരുത്താണല്ലോ പഴയകാല പ്രവര്‍ത്തകരുടേത്. എങ്ങിനെയായിരുന്നു മാധവേട്ടന്റെ രാഷ്ട്രീയ ജീവിതം മുന്നേറിയത്? ചരിത്രവും പശ്ചാത്തലവും വിശദമാക്കാമോ?

1956ലാണ് ഞാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വത്തിലേക്ക് വരുന്നത്. 1954ലെ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പോടെയാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. ബാലുശ്ശേരി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍.എന്‍.കക്കാടായിരുന്നു. കക്കാടിനെതിരെ മത്സരിച്ചത് കോണ്‍ഗ്രസ്സിലെ ഡോ. ഒ.കെ.ഗോവിന്ദന്‍, പി.എസ്.പി.യിലെ കുഞ്ഞികൃഷ്ണ മേനോക്കി എന്നിവരാണ്. ബാലുശ്ശേരി ഫര്‍ക്ക അടിസ്ഥാനത്തിലാണ് അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം.19 വില്ലേജുകള്‍ ചേര്‍ന്നാതാണ് ഫര്‍ക്ക.  ഇന്നത്തെ അരിക്കുളം പഞ്ചായത്തിലെ കാരയാട് വില്ലേജും ബാലുശ്ശേരി മണ്ഡലവും അടങ്ങിയതാണ് ബാലുശ്ശേരി ഫര്‍ക്ക. എന്‍.എന്‍.കക്കാട് ആ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഡോ. ഒ.കെ.ഗോവിന്ദനാണ് വിജയിച്ചത്. കുഞ്ഞികൃഷ്ണ മോനോക്കി രണ്ടാമനായി.

1955 ആകുമ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സജീവമായി. കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തനമാണ് ആദ്യം ആരംഭിക്കുന്നത്.

1955 ആകുമ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സജീവമായി. കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തനമാണ് ആദ്യം ആരംഭിക്കുന്നത്. നടുവണ്ണൂര്‍ ഭാഗത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം അത്ര സജീവമായിരുന്നില്ല. നടുവണ്ണൂര്‍ പഞ്ചായത്തിലെ കാവുംതറ, കരുവണ്ണൂര്‍, മന്ദംകാവ് എന്നിവിടങ്ങളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്കാലത്ത് സജീവം. ആ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ വടകരയില്‍ നിന്നെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായിരുന്നു എം.കെ.കേളുവേട്ടനും യു.കുഞ്ഞിരമാനും എം.കുമാരന്‍ മാസ്റ്ററും. യു.കുഞ്ഞിരാമനാണ് നടുവണ്ണൂര്‍ പഞ്ചായത്തിലെ വീടുകളുമായി ഏറെ ബന്ധം സ്ഥാപിച്ച് പ്രവര്‍ത്തിച്ചത്.

1956 നവംബര്‍ 1ന് കേരള സംസ്ഥാനം രൂപീകരിച്ചതോടെ നടുവണ്ണൂരില്‍ പുതിയ ഉണര്‍വ്വും ആവേശവും പ്രകടമായി. കേരളപ്പിറവി ദിനത്തില്‍ നടുവണ്ണൂര്‍ ടൗണില്‍ ഞങ്ങള്‍ പായസം ഉണ്ടാക്കി വിതരണം ചെയ്തു. പുതിയ കേരളപ്പിറവി ആഘോഷിച്ചു. അന്നെനിക്ക് പതിനെട്ട് വയസ്സാണ്. 1956ലാണ് പാര്‍ട്ടിയുടെ കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പിലേക്ക് വരുന്നത്. കരുവണ്ണൂര്‍ ബ്രാഞ്ചിലായിരുന്നു അംഗത്വം. 1957ലെ ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പാണ് ഞങ്ങള്‍ക്ക് ഏറ്റവും ആവേശകരം. ബാലുശ്ശേരിയില്‍ അന്ന് അഡ്വ.കെ.ആലിക്കോയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി. പി.എസ്.പിയുടെ സ്ഥാനാര്‍ത്ഥി എം.നാരായണക്കുറുപ്പും. പതിനായിരം വോട്ടാണ് ആലിക്കോയയ്ക്ക് ലഭിച്ചത്. നാരായണക്കുറുപ്പ് വിജയിച്ചു.

ഏപ്രില്‍ 5നാണ് പുതിയ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത്. അതാണ് വലിയ ആവേശമായത്. ഒഴിപ്പിക്കല്‍ നിരോധനം ഓര്‍ഡിനന്‍സ് വന്നു ഏപ്രില്‍ 11ന് സാധാരണ ജനങ്ങളിലത് പുതിയ അവബോധമുണ്ടാക്കി. വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു അന്ന് ഞങ്ങളുടെ പ്രദേശം. ആകെ ഉണ്ടായിരുന്നത് വാകയാട് ഒരു ഹൈസ്‌കൂളാണ്. പിന്നെ പേരാമ്പ്രയിലും ബാലുശ്ശേരിയിലും കൊയിലാണ്ടിയിലുമാണ് ഹൈസ്‌കൂളുകള്‍ സ്ഥിതിചെയ്തിരുന്നത്. വടക്കുമ്പാട്, അത്തോളി, ബാലുശ്ശേരി എന്നിവിടങ്ങളില്‍ ഹൈസ്‌കൂളുകള്‍ ആരംഭിച്ചത് 1957ലെ ഒന്നാമത്തെ ഗവണ്‍മെന്റാണ്. ഇതിന് മുന്‍കൈ എടുത്തത് പേരാമ്പ്ര എം.എല്‍.എ. എം.കുമാരന്‍ മാസ്റ്ററാണ്.

വടക്കുമ്പാട് ഹൈസ്‌കൂള്‍ മാനേജ്‌മെന്റിന് കീഴിലും മറ്റുള്ളവ ഗവണ്‍മെന്റിന് കീഴിലുമായിരുന്നു. വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റമാണിക്കാലം ദര്‍ശിച്ചത്. ഒന്നാംതരം മുതല്‍ അഞ്ചാം തരംവരെയുള്ള കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയുടെ പദ്ധതി വന്നു. പാവപ്പെട്ടവരുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത കാലമാണത്. ഉച്ചയ്ക്ക് കഞ്ഞികിട്ടുമെന്നായതോടെ കുട്ടികള്‍ സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങി. പത്താംതരം വരെ ഫീസില്ലാതെ പഠിക്കാനവസരമുണ്ടായി.

1957 വരെ ആറാം തരത്തിലും ഏഴാം തരത്തിലും എട്ടാംതരത്തിലും ഫീസ് കൊടുത്തേ പഠിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എട്ട് അണയാണ് ഫീസ്. ഏഴാം തരത്തില്‍ പത്ത് അണയും എട്ടാം തരത്തില്‍ പന്ത്രണ്ട് അണയുമാണ് ഫീസ്. അന്ന് കര്‍ഷകതൊഴിലാളികള്‍ക്ക് കൂലി രണ്ട് അണയാണെന്ന് ഓര്‍മ്മവേണം. അതിനാല്‍ കര്‍ഷകതൊഴിലാളികളടക്കമുള്ള സാധാരണക്കാരന്റെ മക്കള്‍ക്ക് പഠിക്കാന്‍ സാഹചര്യമുണ്ടായിരുന്നില്ല. ഹൈസ്‌കൂളില്‍ ഫസ്റ്റ് ഫോറത്തില്‍ നാലുറുപ്പിക ഫീസ് നല്‍കണം. 1957ലെ ഗവണ്‍മെന്റ് വന്നതോടെ പത്താംതരം വരെ ഫീസില്ലാതെ പഠിപ്പിക്കണമെന്നായി.

മാനേജ്‌മെന്റ്  സമ്പ്രദായം അവസാനിപ്പിക്കുന്നതിന് ബില്ല് കൊണ്ടുവന്നതാണ് ആ സര്‍ക്കാറിന്റെ മറ്റൊരു നേട്ടം. അധ്യാപകര്‍ക്ക് സുരക്ഷിതത്വം നല്‍കിയ ബില്ലായിരുന്നു അത്. ശമ്പള സ്‌കെയിലില്‍ തന്നെ വലിയ മാറ്റം വന്നു. പ്രൈമറി സ്‌കൂളിലെ അധ്യാപകര്‍ക്ക് മുപ്പത്+മുപ്പത്തിമൂന്നായിരുന്നു ശമ്പള സ്‌കെയില്‍. മാനേജ്‌മെന്റ് സ്‌കൂള്‍ അധ്യാപകരും ബോര്‍ഡ് സ്‌കൂള്‍ അധ്യാപകരുമാണ് അന്നുണ്ടായിരുന്നത്. 1956 വരെ ഡിസ്ട്രിക്ക് ബോര്‍ഡിന് കീഴിലുള്ള സ്‌കൂളിലെ അധ്യാപകര്‍ക്ക് ട്രഷറി മുഖേന ശമ്പളം ലഭിക്കും. മാനേജ്‌മെന്റ് സ്‌കൂളിലുള്ളവര്‍ക്ക് മാനേജ്‌മെന്റ് ഗ്രാന്റില്‍ നിന്ന് ലഭിക്കുന്ന കാശ് കൊണ്ടാണ് ശമ്പളം നല്‍കിയത്. ഈ രണ്ട് വിഭാഗം അധ്യാപകര്‍ തമ്മില്‍ വിവേചനം നിലനിന്നിരുന്നു. മാനേജ്‌മെന്റ് സ്‌കൂളിലെ അധ്യാപകര്‍ എപ്പോഴും താഴ്ന്ന നിലവാരക്കാരാണെന്ന് മുദ്രകുത്തപ്പെട്ടു. അതിനൊരു മാറ്റം വന്നത് 1957ലെ ഗവണ്‍മെന്റോടെയാണ്. നാല്‍പ്പതേ നൂറ്റിരുപത് ശമ്പള സ്‌കെയില്‍ വന്നു അധ്യാപകര്‍ക്ക്.

പാവപ്പെട്ടവരുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത കാലമാണത്. ഉച്ചയ്ക്ക് കഞ്ഞി കിട്ടുമെന്നായതോടെ കുട്ടികള്‍ സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങി. പത്താംതരം വരെ ഫീസില്ലാതെ പഠിക്കാന വസരമുണ്ടായി

1954ലെ മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പി.ടി. ഭാസ്‌കരപണിക്കര്‍ പ്രസിഡണ്ടായി വന്നത് ഒരിക്കലും മറക്കാനാവില്ല. നാല്‍പ്പത്തെട്ട് മണ്ഡലങ്ങളാണ് അന്ന് മലബാറിലുണ്ടായിരുന്നത്. ഇന്നത്തെ കണ്ണൂര്‍, കാസര്‍ക്കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂരിന്റെ ഒരു ഭാഗവും വരുന്ന ജില്ലകള്‍ കൂടിച്ചേര്‍ന്നതാണ് അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട്. നാല്‍പ്പത്തെട്ട് മണ്ഡലങ്ങളില്‍ ഇരുപത്തിനാല് എണ്ണത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സ്വതന്ത്രരും ചേര്‍ന്ന് വിജയിച്ചത്.  കോണ്‍ഗ്രസ്സിനും ലീഗിനും പി.എസ്.പിക്കും കിട്ടയത് 24 സീറ്റാണ്.

കൂത്തുപറമ്പില്‍ നിന്ന് ജയിച്ചത് പി.ദാമുവായിരുന്നു. പി.എസ്.പിക്കാരന്‍. ടിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ദാമു നിഷ്പക്ഷത പാലിച്ചതുകൊണ്ടാണ് ഭാസ്‌കരന്‍ പണിക്കര്‍ ജയിച്ചതും പ്രസിഡണ്ടായതും. കെ.വി.മൂസ്സാന്‍ കുട്ടിയായിരുന്നു വൈസ് പ്രസിഡണ്ട്. ഭാസ്‌കരപ്പണിക്കരുടെ ഭരണം വന്നപ്പോഴാണ് ബോര്‍ഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മാന്യതയും പദവിയും കൈവന്നത്. അതുവരെ ബോര്‍ഡ്  സ്‌കൂള്‍  അധ്യാപകര്‍ക്ക് പഞ്ജപുച്ചമടക്കി നില്‍ക്കണമെന്നായിരുന്നു. എന്നാല്‍ ഭാസ്‌കരപ്പണിക്കര്‍ വന്നതോടെ പ്രസിഡണ്ടിന്റെ മുന്നില്‍ ഇരുന്ന് സംസാരിക്കാന്‍ കഴിഞ്ഞു. അത് വിലയ അംഗീകാരമായി.

1954ല്‍ മറ്റൊരു പ്രധാന മാറ്റവും വിദ്യാഭ്യാസരംഗത്ത് വന്നു. താഴെ നിലവാരത്തിലുള്ളവരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ചെറുവാളൂര്‍, കോക്കല്ലൂര്‍ തുടങ്ങിയ പലസ്ഥലങ്ങളിലും ഇത്തരം വിദ്യാലയങ്ങള്‍ വന്നു. അധ്യാപകരിലധികവും കമ്മ്യൂണിസ്റ്റുകാരായിരുന്നു. വി.വി.ദക്ഷിണാമൂര്‍ത്തി പനായിനിലെ ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപകനായി വന്നയാളാണ്. പഴയ കമ്മ്യൂണിസ്റ്റുകാരനായ മേയന കുഞ്ഞിക്കണാരന്‍ മാസ്റ്റര്‍ തുടങ്ങിയ പലരും അങ്ങനെ അധ്യാപകരായി വന്നവരാണ്.

ലക്ഷം രൂപ തന്നാലും ശിങ്കിടി പാടാന്‍ കിട്ടില്ല, മുണ്ടശ്ശേരിയുടെ മണ്ടേലെന്തേ ചകിരിച്ചോറോ ചാരോയോ

വിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്‌കാരമാണ് വിമോചന സമരത്തിനിടയാക്കിയത്. ഒരു ഭാഗത്ത് വിദ്യാഭ്യാസ ബില്ലും മറുഭാഗത്ത് കാര്‍ഷിക ബന്ധബില്ലും 1957ലെ സര്‍ക്കാര്‍ കൊണ്ടുവന്നു.

പാട്ടബാക്കിക്ക് ഒഴിപ്പിക്കല്‍ സമ്പ്രദായം ശക്തമായിരുന്നു അതുവരെ. കാര്‍ഷിക ബന്ധബില്ല് വന്നതോടെ ഒരു ഏക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ വരെ കൈവശമുള്ളവര്‍ എത്ര കൊല്ലത്തെ പാട്ടമുണ്ടായാലും രണ്ട് കൊല്ലത്തേത് മാത്രം കൊടുത്താല്‍ മതിയെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടു. അഞ്ച് മുതല്‍ പത്തേക്കര്‍ വരെയുള്ളവര്‍ ആറ് കൊല്ലത്തെ പാട്ടം നല്‍കിയാല്‍ മതിയെന്നും നിയമം വന്നു. മലബാറില്‍ മര്യാദാപാട്ടം നിശ്ചയിച്ചു കിട്ടുന്നതിന് വേണ്ടി ഒരു സമരം അന്ന് കിസാന്‍ സംഘം നടത്തിയിരുന്നു. അതിനെത്തുടര്‍ന്നാണ് 1955ല്‍ പാട്ടക്കോടതികള്‍ മലബാറില്‍ നിലവില്‍ വന്നത്. നടുവണ്ണൂരിലും അതിന്റെ ഭാഗമായി പാട്ടക്കോടതി വന്നു.

വിമോചന സമരത്തിന് മുന്നില്‍ നിന്നത് ഇവിടുത്തെ അധ്യാപകാണെന്നതാണ് ഏറെ വിചിത്രം. നാല്‍പ്പതേ നൂറ്റിരുപത് ശമ്പള സ്‌കെയില്‍ കിട്ടിയ അധ്യാപകര്‍ വിളിച്ച മുദ്രാവാക്യം ”ലക്ഷം രൂപ തന്നാലും ശിങ്കിടി പാടാന്‍ കിട്ടില്ല, മുണ്ടശ്ശേരിയുടെ മണ്ടേലെന്തേ ചകിരിച്ചോറോ ചാരോയോ” എന്നാണ്.

വിമോചന സമരത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കൃഷ്ണയ്യരും ഗൗരിയമ്മയും സി.എച്ച്. കണാരനും അടക്കം പ്രമുഖരെല്ലാം തോറ്റു. കോഴിക്കോട് ജില്ലയില്‍ പി.സി.രാഘവന്‍ നായര്‍ മാത്രമാണ് ജയിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഞങ്ങളുടെ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി.

അടുത്ത പേജില്‍ തുടരുന്നു

Advertisement