എഡിറ്റര്‍
എഡിറ്റര്‍
എല്ലാറ്റില്‍ നിന്നും പിന്മാറി ഇനി ശുദ്ധസംഗീതത്തിന്റെ വഴിയില്‍ വാനപ്രസ്ഥം: യേശുദാസ്
എഡിറ്റര്‍
Wednesday 14th March 2012 9:10am

ദുബായ്: ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് വാനപ്രസ്ഥത്തിന് തയ്യാറെടുക്കുന്നു. തന്റെ സംഗീതയാത്ര അന്‍പതാണ്ടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ സംഗീതത്തെ മാത്രം സ്‌നേഹിച്ച് ആരുടെയും ശല്യമില്ലാത്ത ഒരിടത്തേക്ക്‌ താന്‍ യാത്രയാകുമെന്നാണ് യേശുദാസ് പറഞ്ഞത്. ഗള്‍ഫ്‌ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദാസേട്ടന്‍ മലയാളികളെ വേദനിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

‘എല്ലാത്തില്‍ നിന്നും പിന്മാറണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. കാരണം, എനിക്ക് മടുത്തു. ഞാന്‍ ആഗ്രഹിച്ച, അനുഭവിച്ച സംഗീതങ്ങളുടെ കാലം കഴിഞ്ഞു. അത്രക്ക് ശുദ്ധമായത് പഠിച്ചിട്ട് വേറൊരു തലത്തിലെ സംഗീതം എനിക്ക് പറ്റില്ല. അതുകൊണ്ട് ചിലപ്പോള്‍ ഇതെല്ലാം വിട്ടെറിഞ്ഞ് ആരുടെയും ഒന്നിന്റെയും ശല്യമില്ലാത്ത സ്ഥലത്തേക്ക് പോയേക്കും. 50 വര്‍ഷത്തിന്റെ ആഘോഷമൊക്കെ കഴിയാന്‍ കാത്തിരിക്കുകയാണതിന്. ഭാര്യയും മക്കളുമൊക്കെ എതിര്‍ക്കുമായിരിക്കാം. എങ്കില്‍ അവരോട് വരെ ‘നമസ്‌കാരം’ പറയേണ്ടി വരും. തത്ത്വം പറഞ്ഞ് ഒഴിയാനോ ആരെയെങ്കിലും വേദനിപ്പിക്കാനോ പേടിപ്പിക്കാനോ അല്ല ഇത് പറയുന്നത്. നേരത്തേ ഒരു വിവരം തരുകയാണ്. പെട്ടന്നത് സംഭവിക്കുമ്പോള്‍ ദാസേട്ടന്‍ ഇത് ചെയ്തല്ലോ എന്ന് എന്നെ സ്‌നേഹിക്കുന്നവര്‍ പറയരുത്’  യേശുദാസ് പറഞ്ഞു.

‘ജീവിതം മടുത്തത് കൊണ്ടല്ല ഇത് പറയുന്നത്. ഒളിച്ചോട്ടവുമല്ല. സംഗീതപഠനത്തിനൊക്കെയായി കൂടുതല്‍ സമയം ലഭിക്കുകയും ചെയ്യും. ഭാര്യക്കും മക്കള്‍ക്കുമൊക്കെ ദു:ഖം നല്‍കി അത്ര പെട്ടന്ന് എല്ലാം വിട്ടെറിഞ്ഞ് പോകാന്‍ കഴിയില്ല. എന്നാല്‍, കെട്ടുപാടുകളൊന്നുമില്ലാതെ തനിച്ചിരിക്കാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഇതുവരെയുള്ള ജീവിതത്തില്‍ പൂര്‍ണ്ണ സംതൃപ്തനാണ്. കടം കിട്ടിയ 16 രൂപയുമായി ജീവിതം തുടങ്ങിയ ആള്‍ക്ക് ഇതില്‍ കൂടുതലൊന്നും നേടാനില്ല. ജീവിതത്തില്‍ ഒരു ഘട്ടമെത്തുമ്പോള്‍ ഭാര്യയും ഭര്‍ത്താവും വാനപ്രസ്ഥത്തിന് പോകുന്ന പതിവ് പണ്ടുണ്ടായിരുന്നു. ഭാര്യ വന്നില്ലെങ്കിലും ഭര്‍ത്താവിന് പോകേണ്ടി വരും. ഞാന്‍ കഴിയുന്നത്ര പാടും. ബാക്കി എല്ലാറ്റില്‍നിന്നും പിന്മാറുകയാണെന്നേ ഇതൊക്കെ അര്‍ഥമാക്കുന്നുള്ളൂ. സത്യത്തില്‍ എവിടെ പോകണമെന്നറിയില്ല. ശുദ്ധസംഗീതത്തിന്റെ വഴിയിലൂടെ തന്നെ സഞ്ചരിക്കും’ ആരാധകരുടെ കാതുകളെ കോരിത്തരിപ്പിച്ച അതേ ശബ്ദത്തില്‍ ദാസേട്ടന്‍ വ്യക്തമാക്കി.

താനുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായി വിവാദങ്ങളല്ല ഈ തീരുമാനത്തിന് പിന്നിലെന്നും ദാസേട്ടന്‍ പറഞ്ഞു. അടുത്തിടെ ഹൃദയതരംഗം ചികിത്സാ പദ്ധതിയുമായും റിയാലിറ്റി ഷോയുമായും ബന്ധപ്പെട്ട് ദാസേട്ടനെതിരെ വിവാദങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഈ വിവാദങ്ങള്‍ക്കൊന്നും തന്നെ തളര്‍ത്താനായിട്ടില്ലെന്ന് ദാസേട്ടന്‍ തുറന്നടിക്കുന്നുണ്ട- ‘വിവാദങ്ങളും എതിര്‍പ്പുകളുമൊന്നും തളര്‍ത്താത്ത ജീവിതമാണ് എന്‍േറത്. സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷവും ‘പട്ടി പുല്ല് തിന്നുകയുമില്ല, പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല’ എന്ന അവസ്ഥ വന്നപ്പോഴാണ് ‘ഹൃദയതരംഗം’ ചികിത്സാപദ്ധതിയില്‍ നിന്ന് പിന്മാറിയത്. ഇത്തരം പദ്ധതികളുമായി ഇറങ്ങിത്തിരിച്ചപ്പോഴാണ് ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന വന്‍ ക്രമക്കേടുകള്‍ മനസ്സിലായത്. അങ്ങനെ ഒത്തുപോകാനാകാത്ത പല കാര്യങ്ങള്‍. ഇതിനെയൊക്കെ എതിര്‍ക്കാന്‍ എന്റെ സംഗീതം കൊണ്ടാകില്ല. അപ്പോള്‍ പിന്നെ വഴിമാറി പോകുകയാണ് നല്ലത്. മലയാളികളെ ഒന്നടങ്കം കുറ്റപ്പെടുത്തുകയല്ല. ഈ ലോകത്തിന്റെ മുഴുവന്‍ പോക്കിനെ കുറിച്ചാണ് പറയുന്നത്. കണ്ണ് വെച്ചുകൊണ്ട് കുരുടനായി ജീവിക്കാന്‍ എനിക്ക് കഴിയില്ല.’

Malayalam news

Kerala news in English

Advertisement