കണ്ണൂര്‍: ജനതാദള്‍ വിഭാഗം ഇടതുമുന്നണിയില്‍ നിന്നും വിട്ടുപോയത് ക്ഷീണമുണ്ടാക്കിയെന്ന് സി പി ഐ നേതാവ് കെ ഇ ഇസ്മായില്‍ പറഞ്ഞു. തിരിച്ചുവരാന്‍ ജനതാദള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ വിശാലമനസ്സോടെ ചര്‍ച്ചചെയ്യുമെന്നും ഇസ്മായില്‍ കണ്ണൂരില്‍ വ്യക്തമാക്കി.

ജനതാദള്‍ മുന്നണി വിട്ടുപോയത് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ജനതാദളിന് നല്‍കണമെന്നായിരുന്നു സി പി ഐ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത് അംഗീകരിച്ചില്ല. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പല പ്രദേശങ്ങളിലും ജനതാദളിന് ശക്തമായ സ്വാധീനമുണ്ടെന്നും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഇസ്മയില്‍ പറഞ്ഞു.

എന്നാല്‍ ജോസഫ് വിഭാഗം വിട്ടുപോയത് മുന്നണിക്ക് ക്ഷീണമുണ്ടാക്കിയിട്ടില്ലെന്നും ഇസ്മായില്‍ പറഞ്ഞു. മഞ്ഞളാംകുഴി അലിയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തിത്വം കൊണ്ടുമാത്രം വിജയം നേടി എന്നു ധരിക്കുന്നവര്‍ പൊട്ടക്കിണറ്റിലെ തവളയെപ്പോലെയാണെന്നും ഇസ്മായില്‍ മറുപടി നല്‍കി.