k c vanugopal

വി.കെ രവീന്ദ്രന്‍

കേന്ദ്രഊര്‍ജ്ജ സഹമന്ത്രിയും നമ്മുടെ നാട്ടുകാരനുമായ കെ.സി. വേണുഗോപാലിന്റെതായി തിരുവനന്തപുരത്ത്‌നിന്ന് വന്ന ഒരു പ്ര സ്താവന നമ്മെ ഞെട്ടിപ്പിക്കുന്നതുംഅത്ഭുതപ്പെടുത്തുന്നതുമാണ്. ചീമേനിയില്‍ താപനിലയം സ്ഥാപിക്കുന്നതിനാണ് മുന്തിയ മുന്‍ഗണനയെന്നാണ് കഴിഞ്ഞദിവസം മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടും അത് നടപ്പാക്കാത്തതി നെകുറിച്ച് മുന്‍ സര്‍ക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെ യ്തു. നാട്ടുകാരാനായിട്ടും മന്ത്രി വേണുഗോപാലന്‍ ചീമേനി ആവാസ വ്യവസ്ഥയെക്കുറിച്ചും പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും ഒന്നും മനസ്സിലാക്കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.

ബുധനാഴ്ച (15-06-2011)ചീമേനി പഞ്ചായത്തില്‍ പൊതുജനങ്ങളില്‍ നിന്നുള്ള തെളിവെടുപ്പ് നടന്നുകഴിഞ്ഞു. അതിനാകട്ടെ സര്‍ക്കാര്‍ വിലാസം പരിസ്ഥിതി പഠന റിപ്പോര്‍ട്ടും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടനുസരിച്ച് അവിടെ സസ്യവൈവിധ്യങ്ങളില്ല, ജന്തു -ജീവജാല വൈവിധ്യങ്ങളില്ല, എണ്ണപ്പെട്ട കാര്‍ഷിക മേഖലയില്ല, ചീമേനി കുന്നുകള്‍ ചുറ്റുവട്ടങ്ങളെ ജലസമൃദ്ധിയിലേക്ക് നയിക്കുന്ന ജലസ്രോതസ്സുകളില്ല, പഴക്കംചെന്ന കാവുകളോ ആരാധനാലയങ്ങളോ ഇല്ല.

cheemeniവേണുഗോപാലന്റെ ജനനം കണ്ടോന്താറിലാണെങ്കിലും ചീമേനി അത്രയൊന്നും ദൂരെയല്ലല്ലോ? ചീമേനിയുടെ ഭൂമിശാസ്ത്രം മനസ്സിലാക്കാന്‍ കഴിയാത്ത ആളുമല്ലല്ലോ വേണുഗോപാലന്‍. എന്നിട്ടും സാമ്പത്തിക ആനുകൂല്യങ്ങളാലും കമ്മീഷനുകളാലും സ്വാധീനിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ കുറിപ്പടികള്‍ ഏറ്റുപറയാന്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ സന്നദ്ധമാകുന്നത് നിന്ദ്യവും പരിഹാസ്യവുമാണ്.

34,000 ക്യൂബിക് ലിറ്റര്‍ ശുദ്ധജലം പദ്ധതിക്ക് ഓരോ ദിവസവും ആവശ്യമാണ്. 90,000 ലിറ്റര്‍ ശുദ്ധജലം ഇപ്പോള്‍ നേവല്‍ അക്കാദമിക്ക് ആവശ്യമായിവരുന്നുണ്ട്. തേജസ്വിനി പുഴയില്‍ നിന്നാണ് ഇത്രയും ജലം ഊറ്റിയെടുക്കാന്‍ ഉദ്ദേശിക്കുന്നത്. താപനിലയത്തിനാവശ്യമായ ജലത്തിന് അണക്കെട്ട് നിര്‍മ്മിക്കുമെന്ന് പറയുന്നു. എന്നാല്‍ കാക്കടവ് പദ്ധതി ഏതിര്‍പ്പുമൂലം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉപേക്ഷിച്ചതാണ്. ആവശ്യമായി വരുന്ന അധിക ജലം അറബിക്കടലില്‍ നിന്ന് പമ്പ് ചെയ്ത് എത്തിക്കുമത്രെ. സമുദ്രനിരപ്പില്‍ നിന്ന് നൂറ് മീറ്റര്‍ ഉയരമുള്ള ഈ നിലയത്തിലേക്ക് പമ്പ് ചെയ്ത് ജലമെത്തിക്കാനുള്ള വൈദ്യുതി എവിടെനിന്നാണ് കൊണ്ടുവരിക?

ലക്ഷോപലക്ഷം ലിറ്റര്‍ തിളച്ച വെള്ളം ഒഴുക്കിവിടുക കടലിലേക്കും പുഴയിലേക്കും തന്നെയാവും. എങ്കില്‍ പുഴയുടെയും കടലിന്റെയും ആവാസ വ്യവസ്ഥ എന്തായിതീരും. മത്സ്യബന്ധനം നടത്തി ജീവിക്കുന്ന മത്സ്യതൊഴിലാളികളുടെ നിലഎന്തായിത്തീരും. നിബിഡ വനംഎന്നു പറയാവുന്ന അഞ്ചോളം കാവുകളുംചീമേനിമുണ്ട്യ ഉള്‍ പ്പെടെയുള്ള നിരവധി ആരാധാനാലയങ്ങളും ഈ പ്രദേശത്തുണ്ട്.

നിലയത്തിന്റെ ഇരുപത്തിയഞ്ച് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ രാജ്യരക്ഷാ സ്ഥാപനങ്ങള്‍ പാടില്ല എന്നും വ്യവ്സ്ഥയുണ്ട്. സസ്യ-ജന്തു വൈവിധ്യങ്ങളും കാവുകളും ആരാധനാലയങ്ങളും രാജ്യരക്ഷാ സ്ഥാപനങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശം താപനിലയങ്ങള്‍ സ്ഥാപിക്കുന്നതിന്റെ നിരോധിത മേഖലയായാണ് കണക്കാക്കപ്പെടുന്നത്. ഏഴിമല നേവല്‍ അക്കാദമി, പെരിങ്ങോം thermal-plantസി.ആര്‍.പിഎഫ് ക്യാമ്പ്, ഇരിണാവ് കോസ്റ്റല്‍ഗാര്‍ഡ് അക്കാദമി, കാസര്‍കോട് സീതാംഹോളിയിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ഇവയെല്ലാം രാജ്യരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്. എന്നിട്ടും താപനിലയം സ്ഥാപിക്കുന്നതിനുള്ള ആസക്തി എന്തുകൊണ്ടുണ്ടാകുന്നു എന്ന് പരിശോധിക്കപ്പെടേണ്ടതല്ലെ.

നിലവില്‍ കേരളത്തിലുള്ള താപനിലയങ്ങളുടെ സ്ഥാപിത ശേഷിയും അതിന്റെ ഉല്‍പാദനക്ഷമതയും എന്തുകൊണ്ട് പരിശോധിക്കപ്പെടുന്നില്ല.
കാസര്‍കോട്ജില്ലയിലെ മൈലാട്ടിയില്‍ സ്ഥാപിച്ച താപനിലയം കഴിഞ്ഞ പത്ത് വര്‍ഷമായി പൂട്ടിക്കിടക്കുകയാണ്. ഇതുകാരണം കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഓരോ വര്‍ഷവും ഇത് സ്ഥാപിച്ച സ്വകാര്യ കമ്പനിക്ക് നല്‍കി വരുന്നത്. പ്രസരണ വിതരണ നഷ്ടം, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ സംസ്ഥാനത്ത് വളരെ കൂടുതലാണ്. എന്തുകൊണ്ട് അവ ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. ഊര്‍ജ്ജത്തെ കുറിച്ച് പറയുമ്പോള്‍ ആണവനിലയങ്ങള്‍ക്കും താപനിലങ്ങള്‍ക്കും വന്‍കിട അണക്കെട്ടുകള്‍ക്കും മുന്‍ഗണന നല്‍കുന്ന സര്‍ക്കാരുകള്‍ എന്തുകൊണ്ടാണ് സൗരോര്‍ജ്ജത്തെക്കുറിച്ചും വിന്റെനര്‍ജിയെക്കുറിച്ചും ഇത്തരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളെക്കുറിച്ചും ആലോചിക്കാത്തത്.

ബഹുമാനപ്പെട്ട മന്ത്രിയോട് ഒരപേക്ഷയുള്ളത് താങ്കള്‍ വലിയ കാര്യങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും എന്‍ഡോസള്‍ഫാന്‍ മൂലം ജീവച്ഛവങ്ങളായി കഴിയുന്ന ഒരു ജനതയ്ക്ക് മരണവാറന്റ് നല്‍കാതിരിക്കാനുള്ള കരുണയെങ്കിലും കാണിക്കണമെന്നാണ്.