കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ ഇന്നലെ പിടിയിലായ സി.പി.ഐ.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി രാമകൃഷ്ണന്‍ കുറ്റം സമ്മതം നടത്തിയതായി പോലീസ്.

ചന്ദ്രശേഖരനെ വധിക്കാന്‍ ഗുണ്ടകള്‍ക്ക ക്വട്ടേഷന്‍ നല്‍കിയത് താനാണെന്നും ഇതിനായി 50000 രൂപ ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

ടി.പി യോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും രാമചന്ദ്രന്‍ മൊഴിനല്‍കിയതായി പോലീസ് അറിയിച്ചു. എന്നാല്‍ ഈ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് അറിയുന്നത്. കെ.സി രാമചന്ദ്രന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.

ടി.പി. ചന്ദ്രശേഖരനെ ഈ മാസം രണ്ടിന് ഓര്‍ക്കാട്ടേരി ജംക്ഷനില്‍ പട്ടാപ്പകല്‍ വെട്ടിക്കൊല്ലാനായിരുന്നു ക്വട്ടേഷന്‍ സംഘം ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പുതുതായി സംഘടിപ്പിച്ച സിം കാര്‍ഡുകള്‍ കൃത്യ സമയത്ത് ആക്ടിവേറ്റ് ചെയ്യപ്പെടാത്തതിനാലാണ് ഇതു നടക്കാതെ പോയത്. ടിപി വധിക്കപ്പെട്ടത് ഈ മാസം നാലിനാണ്.

അറസ്റ്റുചെയ്ത എല്ലാ പ്രതികളേയും വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. വടകര താലൂക്ക് ആശുപത്രിയിലേക്കാണ് ഇവരെ കൊണ്ടുപോയത്.