കോട്ടയം: കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശിനെതിരെ മന്ത്രി കെ.സി ജോസഫ്. കേന്ദ്ര ഫണ്ട് കുടുംബശ്രീക്ക് മാത്രമേ അനുവദിക്കൂ എന്ന ജയറാം രമേശിന്റെ നിലപാടാണ് കെ.സി ജോസഫിനെ പ്രകോപിതനാക്കിയത്.

Ads By Google

കേരളത്തിലെ യുഡിഎഫ് മന്ത്രിമാര്‍ ജയറാം രമേശിന്റെ കുടികിടപ്പുകാരല്ലെന്നും അദ്ദേഹത്തെ ആരാണ് നയിക്കുന്നതെന്ന് അറിയില്ലെന്നും മന്ത്രി കോട്ടയം പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അദ്ദേഹത്തെ ആരാണ് നയിക്കുന്നതെന്ന് അറിയില്ല. സംസ്ഥാനത്ത് 40,000 ത്തോളം സ്വയംസഹായ സംഘങ്ങളുണ്ട്. ഇവര്‍ക്കൊക്കെ ഫണ്ട് ലഭിച്ചാല്‍ ഗുണകരമാകും. റോഡരികിലെ പുല്ലുവെട്ടിയാല്‍ വികസനം സാധ്യമാകില്ലെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ സ്ത്രീകളുടെ മാത്രമാണ്. പുരുഷന്മാരുടെ സംഘങ്ങള്‍ എന്തുചെയ്യും. ജയറാം രമേശിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍.ആര്‍.എല്‍.എം) കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീ തന്നെയെന്ന് ജയറാം രമേഷ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ശ്രീ എന്ന പേരില്‍ ആര്‍ക്കും സംഘടന തുടങ്ങാം. എന്നാല്‍ കേന്ദ്ര ഫണ്ട് കുടുംബശ്രീക്ക് മാത്രമേ നല്‍കൂവെന്നും ജയറാം രമേശ് പറഞ്ഞിരുന്നു. ഇതിന്റെ പ്രതികരണമാണ് കെ.സി ജോസഫ് ഇന്ന് പറഞ്ഞത്.

കുടുംബശ്രീ വിഷയവുമായി ബന്ധപ്പെട്ട് നേരത്തേയും ജയറാം രമേശിനെതിരെ കെ.സി ജോസഫ് ആരോപണമുന്നിയിച്ചിരുന്നു. കുടുംബശ്രീയെ ജയറാം രമേശ് മാര്‍ക്‌സിസ്റ്റ്‌വത്ക്കരിക്കുകയാണെന്ന് കാണിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ജോസഫ് കത്തയക്കുകയും ചെയ്തിരുന്നു.