തിരുവനന്തപുരം: മികച്ച ചിത്രത്തിനുള്‍പ്പെടെ ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കമല്‍ ചിത്രം സെല്ലുലോയ്ഡിനെതിരെ സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് രംഗത്ത്.

Ads By Google

ചിത്രം കാണാതെയാണ് തന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. കരുണാകരനെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ചിത്രമെന്നും ചിത്രത്തെപ്പറ്റി പറഞ്ഞ് അറിഞ്ഞാണ് പ്രതികരണമെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

കേരളത്തിലെ സമുന്നതനായ നേതാവായിരുന്ന കെ. കരുണാകരനെ അപമാനിക്കുന്ന രീതിയില്‍ ചിത്രത്തില്‍ പരാമര്‍ശിച്ച സംവിധായകന്‍ കമല്‍ തെറ്റ് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരനെ കമല്‍ ചിത്രം അപമാനിക്കുന്നതായി പറഞ്ഞ് നേരത്തെ കെ മുരളീധരനും രംഗത്തെത്തിയിരുന്നു.

ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍,  എന്നിവര്‍ക്കെതിരായ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

ജെ.സി ഡാനിയേലിന് സാംസ്‌കാരിക മണ്ഡലത്തിലും ചലച്ചിത്ര മേഖലയിലും അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയതിന് പിന്നില്‍ മലയാറ്റൂരൂം കെ.കരുണാകരനുമായിരുന്നുവെന്ന് സിനിമയില്‍ പരോക്ഷമായി പറയുന്നുണ്ട്.

അന്ന് സാംസ്‌കാരിക സെക്രട്ടറിയായ  മലയാറ്റുര്‍ രാമകൃഷ്ണനെ എം. രാമകൃഷ്ണ അയ്യരായാണ് ചിത്രീകരിച്ചിരിക്കുന്നത്. സാഹിത്യകാരന്‍, വയലാറിന്റെസുഹൃത്ത് എന്നിങ്ങനെ വിശദീകരിച്ച് അത് മലയാറ്റൂരാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.

അന്ന് സാംസ്‌കാരിക മന്ത്രിയായിരുന്ന കെ.കരുണാകരനും മലയാറ്റൂരിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും സിനിമയില്‍ സൂചനയുണ്ട്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.