എഡിറ്റര്‍
എഡിറ്റര്‍
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇടപെട്ടതിന്റെ പേരില്‍ തന്നെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കാന്‍ ശ്രമമുണ്ടായി: കെ. അജിത
എഡിറ്റര്‍
Thursday 15th June 2017 3:48pm

k-ajitha

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇടപെട്ടതിന്റെ പേരില്‍ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വരെ തന്നെ പ്രതിചേര്‍ക്കാന്‍ ശ്രമമുണ്ടായെന്ന് അന്വേഷി പ്രസിഡന്റ് കെ. അജിത. സമകാലിക മലയാളം വാരികയിലെ ഓര്‍മയിലെ തീനാളങ്ങള്‍ എന്ന ആത്മകഥയിലെ ഒന്‍പതാം ഭാഗത്താണ് അജിതയുടെ വെളിപ്പെടുത്തല്‍.

ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ കാര്യത്തില്‍ മഅ്ദനിക്ക് താത്പര്യമുണ്ടെന്നും അതുകൊണ്ട് തന്നെ ഈ കേസില്‍ ഇടപെട്ട വ്യക്തിയെന്ന നിലയ്ക്ക് തന്നെ കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം കോഴിക്കോട് എത്തിയ സന്ദര്‍ഭത്തില്‍ അറിയിച്ചിരുന്നു. ഇതുപ്രകാരം ‘ഗ്രോ’ യൂണിയന്‍ നേതാവ് വാസു ഏട്ടനോടൊപ്പം അദ്ദേഹത്തെ പോയി കണ്ടു. ഈ സമരം തങ്ങളുടെ പാര്‍ട്ടി ഏറ്റെടുക്കാമെന്നും കേരളം മുഴുവനും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാമെന്നും മറ്റും മഅദനി പറഞ്ഞു. എന്നാല്‍ പി.ഡി.പി. ഒറ്റയ്ക്ക് ഈ സമരം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്കു സമരസമിതിയില്‍ ആലോചിക്കണമെന്ന മറുപടിയാണ് ഞങ്ങള്‍ നല്‍കിയത്. പിന്നീട് സമരസമിതിയില്‍ ഈ അഭിപ്രായം ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും സമിതി അതു തള്ളിക്കളയുകയും ചെയ്യുകയായിരുന്നു.


Dont Miss മോദിയുടെ വണ്‍ മാന്‍ ഷോ നടന്നില്ല; സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശ്രീധരനും ചെന്നിത്തലയ്ക്കും വേദിയിലിരിപ്പിടം: പുതിയ പട്ടിക പുറത്തിറക്കി 


പിന്നീടൊരിക്കല്‍, മഅദനി വീണ്ടും കോഴിക്കോട് വന്നപ്പോള്‍ ഈ വിവരം അറിയിക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തുപോയി. ആദ്യത്തെ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നിന്നിരുന്നുവെങ്കില്‍ രണ്ടാമത്തേത് വെറും പത്തുമിനിറ്റു മാത്രമാണ് നിന്നത്.

എന്നാല്‍ ഇതൊരു മഹാസംഭവമായി മാറുകയും താന്‍ രാജ്യദ്രോഹിയും തീവ്രവാദിയുമാണെന്ന് ഉയര്‍ത്തിക്കാട്ടാന്‍ പോന്ന ഒരു തെളിവായി പിന്നീട് സുപ്രീംകോടതിയില്‍പോലും അവതരിപ്പിക്കപ്പെട്ടു എന്നതാണ് ചരിത്രമെന്നും അജിത ആത്മകഥയില്‍ പറയുന്നു.

ഇതിനിടയ്ക്കെപ്പോഴോ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനമുണ്ടായി. മഅദനിയും മറ്റു പലരും അതില്‍ അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലായി. ഐസ്‌ക്രീം കേസില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ശക്തമായി നീങ്ങിക്കൊണ്ടിരുന്ന അന്വേഷിയെ ഒതുക്കാനും തന്നേയും ഇപ്രകാരം വര്‍ഷങ്ങളോളം ജയിലിലടക്കാനുള്ള ഭരണകൂട ഗൂഢാലോചന അക്കാലത്തു നടന്നിരുന്നു. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ തന്നേയും പ്രതിയാക്കാനുള്ള നീക്കങ്ങളായിരുന്നു അന്ന് നടന്നിരുന്നതെന്നും അജിത പറയുന്നു.

കേസന്വേഷണം പുരോഗമിക്കുന്നതിനിടയ്ക്ക് ഈ കേസില്‍ കുഞ്ഞാലിക്കുട്ടി മാത്രമല്ല സി.പി.ഐ.എമ്മിലെ പ്രമുഖ നേതാവും കോഴിക്കോട് മുന്‍ കോര്‍പ്പറേഷന്‍ മേയറുമായ ടി.പി ദാസനും സി.പി.ഐ നേതാവായ അന്നത്തെ മേയര്‍ ഒ. രാജഗോപാലും പ്രതികളാക്കപ്പെടേണ്ടവരാണെന്നും എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ട് പൊലീസ് ടി.പി ദാസനേയും രാജഗോപാലിനേയും അറസ്റ്റുചെയ്യാന്‍ സാധ്യതയില്ലെന്നും കുഞ്ഞാലിക്കുട്ടിയെ മാത്രം അറസ്റ്റ് ചെയ്‌തേക്കാമെന്നും ഒരു പ്രമുഖപത്രത്തില്‍ വാര്‍ത്ത കണ്ടു.

ഭരണപക്ഷത്തെ പാര്‍ട്ടിയുടെ നേതാക്കളായതിനാല്‍ ചിലരെ ഒഴിവാക്കുന്നത് നീതിയല്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയായിരുന്ന കേളുവേട്ടനെ പോയി കണ്ടിരുന്നു. പത്രവാര്‍ത്ത ശരിയാണെങ്കില്‍ അത് നീതിയല്ലെന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പതിനൊന്നും പന്ത്രണ്ടും പ്രതികളായി ദാസനും രാജഗോപാലും അറസ്റ്റു ചെയ്യപ്പെട്ട വാര്‍ത്തയാണ് പിന്നീട് പുറത്തുവന്നത്. കുഞ്ഞാലിക്കുട്ടി ഒരിക്കല്‍ പോലും പ്രതിചേര്‍ക്കപ്പെട്ടില്ലെന്നും അജിത സമകാലിക മലയാളത്തിലെ ഓര്‍മകളിലെ തീനാളങ്ങളിലെ എട്ടാം അധ്യായത്തില്‍ പറയുന്നുണ്ട്.

Advertisement