കോഴിക്കോട്: തന്നെ ക്രിമിനലായി ചിത്രീകരിച്ച് തനിക്ക് മറ്റൊരാള്‍ക്കെതിരെ ആരോപണമുന്നയിക്കാന്‍ അര്‍ഹതയില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് താനും മഅദനിയും കുഞ്ഞാലിക്കുട്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സത്യവാങ്മൂലമെന്ന് അന്വേഷി പ്രസിഡന്റ് കെ. അജിത. അജിതയും മഅദനിയും ഐസ്‌ക്രീംകേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ശങ്കരന്‍ മിനിയോടന്റെ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

കോഴിക്കോട് ആസ്ഥാനമായുള്ള സെക്‌സ് റാക്കറ്റ് വിരുദ്ധ സമിതിയുടെ കണ്‍വീനറായിരുന്ന സമയത്ത് താന്‍ മഅദനിയെ കാണാന്‍ പോയിട്ടുണ്ട്. മഅദനി നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നെന്നറിയിച്ച് പി.ഡി.പിയിലെ ഒരാള്‍ തങ്ങളെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു അത്. താനും ഗ്രോവാസുവുമുള്‍പ്പെടെ നാലുപേരാണ് അന്ന് മഅദനിയെ കാണാന്‍ പോയത്. ഐസ്‌ക്രീംകേസുമായി ബന്ധപ്പെട്ട് കേരളം മുഴുവന്‍ പ്രചരണം നടത്താന്‍ പി.ഡി.പിയുമായി പങ്കുചേരാന്‍ താല്‍പര്യമുണ്ടോയെന്നദ്ദേഹം ചോദിച്ചു. കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനമറിയിക്കാമെന്ന് താന്‍ പറഞ്ഞു. മാര്‍ച്ച് എട്ടിനായിരുന്നു കമ്മിറ്റി. കമ്മിറ്റിയില്‍ തങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും പി.ഡി.പിയുമായി യോജിച്ചുപ്രവര്‍ത്തിക്കേണ്ടതില്ലെന്നും തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനം മഅദനിയെ അറിയിക്കാന്‍ വേണ്ടി ഒരിക്കല്‍ കൂടി തങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പോയിരുന്നെന്നും അജിത വെളിപ്പെടുത്തി. ആദ്യ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. രണ്ടാമത്തെ തവണ അഞ്ച് മിനിറ്റുമാത്രമായിരുന്നു.

Subscribe Us:

ആ സമയത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് വന്നിരുന്നില്ല. ശ്രീദേവിയുടെ ഐസ്‌ക്രീംപാര്‍ലറുമായി കേന്ദ്രീകരിച്ച് കോഴിക്കോട്ടെ പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി ഉപയോഗിക്കുന്നതിനെതിരെയായിരുന്നു തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ നിഷ്പക്ഷമായ അന്വേഷണം ഇതുമായി ബന്ധപ്പെട്ട് വേണമെന്നായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടത്.

താനും മഅദനിയും കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ് തങ്ങളെ തീവ്രവാദികളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. താന്‍ ക്രിമിനലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണെന്നും അജിത പറഞ്ഞു.