ചിറ്റൂര്‍: പാലക്കാട് ഡി.സി.സിക്കെതിരേ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ എം.എല്‍.എ യുമായ കെ.അച്ച്യുതന്‍ രംഗത്ത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണംവാങ്ങി പ്രവര്‍ത്തിച്ചുവെന്നാണ് അച്ച്യുതന്‍ ആരോപിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ഡി.സി.സി നേതൃത്വം തന്നെയാണ് ശ്രമിച്ചത്. ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണംവാങ്ങി എതിര്‍സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായി ശ്രമിച്ചിട്ടുണ്ട്. ഇതിന് തക്കതായ തെളിവ് തന്റെ പക്കലുണ്ടെന്നും ഇത് കെ.പി.സി.സിക്ക് കൈമാറുമെന്നും അച്ച്യുതന്‍ പറഞ്ഞു.

ജില്ലയില്‍ ഷാഫി പറമ്പില്‍ അടക്കമുള്ളവരെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നിരുന്നു. ഈഴവ സമുദായത്തിന് അര്‍ഹമായ പരിഗണന ലഭിച്ചിരുന്നെങ്കില്‍ യു.ഡി.എഫിന് കൂടുതല്‍ സീറ്റ് ലഭിക്കുമായിരുന്നുവെന്നും ഈഴവ വോട്ട് കേന്ദ്രീകരിച്ചതാണ് വി.എസ് അച്ച്യുതാനന്ദന് സഹായകമായതെന്നും അച്ച്യുതന്‍ വ്യക്തമാക്കി. മുരളീധരനും വി.ഡി സതീശനും മന്ത്രിമാരാകേണ്ടിയിരുന്നുവെന്നും അച്ച്യുതന്‍ അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തല മന്ത്രിയാകേണ്ടിയിരുന്നുവെന്നും സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് ആകേണ്ടിയിരുന്നുവെന്നും അച്ച്യുതന്‍ പഞ്ഞു.