എഡിറ്റര്‍
എഡിറ്റര്‍
എമേര്‍ജിങ് കേരളയിലെ നാല് പ്രധാനപദ്ധതികള്‍ വരുന്നത് കുഞ്ഞാലിക്കുട്ടിയുടെ സ്ഥലത്തോട് ചേര്‍ന്ന്
എഡിറ്റര്‍
Wednesday 12th September 2012 9:25am

കോഴിക്കോട്: വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും മക്കളും മരുമക്കളും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ സ്ഥലത്തോട് ചേര്‍ന്നാണ് എമേര്‍ജിങ് കേരള നിക്ഷേപ സമാഹരണ പദ്ധതിയുമായി ബന്ധപ്പെട്ട് എഡ്യുഹെല്‍ത്ത് ഉള്‍പ്പെടെയുള്ള നാല് പ്രധാന പദ്ധതികള്‍ വരുന്നതെന്ന് കെ.എ റഊഫ്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

കുഞ്ഞാലിക്കുട്ടി മകന്‍ ആഷിക്, ലസിത സുല്‍ഫി, മരുമക്കളായ സുല്‍ഫിക്കര്‍ സാനിയ എന്നിവര്‍ മാത്രമുള്‍പ്പെട്ട നോളജ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് തിരൂരങ്ങാടി താലൂക്കിലെ ഊരകം മേല്‍മുറി വില്ലേജിലെ സര്‍വേ 38/375 ല്‍പ്പെട്ട മൂന്ന് ഏക്കറോളം സ്ഥലം നിയമവിരുദ്ധമായാണ് കൈവശപ്പെടുത്തിയത്. ഈ മൂന്ന് ഏക്കര്‍ സ്ഥലത്തോട് ചേര്‍ന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കളുടെയും ബിനാമികളുടെ പേരില്‍ അനധികൃതമായി കൈവശപ്പെടുത്തിയ 30 ഏക്കറോളം സ്ഥലം വേറെയുണ്ട്. കുറ്റിപ്പുറം സ്വദേശി പണിക്കരുടെ പേരിലുള്ള സ്ഥലം സ്‌കൂളിനും മറ്റും സംഭാവനയെന്ന പേരില്‍ വാങ്ങിയെടുക്കുകയും ഇത് പിന്നീട് ബിനാമികളുടെ പേരിലാക്കിയെടുക്കുകയും ചെയ്യുകയായിരുന്നെന്നും റഊഫ് ആരോപിച്ചു.

മന്ത്രിയുടെ ബന്ധുക്കളുടെ പേരിലുള്ള ഈ സ്ഥലങ്ങളോട് ചേര്‍ന്നാണ് എമേര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് നാല് പ്രധാന പദ്ധതികള്‍ ആരംഭിക്കാന്‍ പോകുന്നത്.

അമ്പലവയല്‍ അബൂബക്കര്‍ എന്ന വ്യക്തി നോക്കിനടത്താന്‍ എല്‍പ്പിച്ച സ്ഥലം മുസലിയാര്‍ പുറങ്കോടന്‍ അബു വ്യാജ പട്ടയം സംഘടിപ്പിച്ച് കൈവശപ്പെടുത്തുകയായിരുന്നു. ഈ സ്ഥലം അബു പിന്നീട് കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയായ പുഴക്കല്‍ ഫവാസ് എന്നയാള്‍ക്ക് നല്‍കി. വ്യാജ പട്ടയം ഉപയോഗിച്ച് സ്ഥലം കൈവശപ്പെടുത്താന്‍ അബുവിനെ കുഞ്ഞാലിക്കുട്ടി വഴിവിട്ട് സഹായിച്ചു. 2008ല്‍ ഫവാസ് വാങ്ങിയ സ്ഥലം പിന്നീട് 2009ല്‍ റജിസ്റ്റര്‍ ചെയ്ത നോളജ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കൈമാറുകയായിരുന്നെന്നും റഊഫ് പറയുന്നു.

അബൂബക്കറിന്റെ കുടുംബം പിന്നീട് കോടതിയെ സമീപിക്കുകയും മുന്‍സിഫ് ജില്ലാ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയെടുക്കുകയും ചെയ്‌തെങ്കിലും വ്യാജരേഖകള്‍ ഉപയോഗിച്ച് അബു സ്ഥലം കൈമാറി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോള്‍ സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമകളുമായി സംഭവം ഒതുക്കിതീര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ ശ്രമിക്കുകയാണെന്നും റഊഫ് വ്യക്തമാക്കി.

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പറയുന്ന യു.ഡി.എഫ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലും സി.ബി.ഐ അന്വേഷണം നടത്താന്‍ തയ്യാറാവണം. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് തന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തദിവസം തന്നെ കോടതിയെ സമീപിക്കും. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം വേദി പങ്കിടരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും സോണിയാ ഗാന്ധിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും റഊഫ് അറിയിച്ചു.

ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്‍.കെ അബ്ദുല്‍ അസീസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അതിനിടെ, അനധികൃതമായി കൊണ്ടുപോകുകയായിരുന്ന റബര്‍ഷീറ്റ് പോലീസ് പിടികൂടിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ വ്യാജരേഖ സമര്‍പ്പിച്ചെന്ന കേസില്‍ കെ.എ റഊഫിനും മറ്റ് നാല് പേര്‍ക്കുമെതിരെ കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചൊവ്വാഴ്ചയാണ് കാരന്തൂര്‍ പടിഞ്ഞാറെ മാട്ടുമ്മല്‍ സീമാക്കുട്ടി, മക്കട കരുവാരത്ത് ജയകുമാര്‍, നിലമ്പൂര്‍ തെക്കെയില്‍ രാമചന്ദ്രന്‍, കാരന്തൂര്‍ ചക്യേരി മമ്മദ്‌കോയ, കോഴിക്കോട് ജയന്തി കോളനി ഷെല്‍ട്ടര്‍ കെ.എ റഊഫ് എന്നിവര്‍ക്കെതിരെ പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി കെ. വിജയന്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

1988ല്‍ റബര്‍ഷീറ്റ് കടത്തുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം സി.ജെ.എം കോടതിയില്‍ കേസ് വിട്ടുപോയിരുന്നു. എന്നാല്‍, പ്രതികള്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ കേസ് അന്വേഷണ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Advertisement