Administrator
Administrator
ചുവന്ന സൂര്യന്‍ അസ്തമിച്ചു
Administrator
Sunday 17th January 2010 12:15pm

കൊല്‍ക്കൊത്ത: ബംഗാളിലെ ചുവന്ന നക്ഷത്രം ജ്യോതിബസു അന്തരിച്ചു. ഞായറാഴ്ച രാവിലെ 11.47ന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കിലെ എ എം ആര്‍ ഐ ആശുപത്രിയിലായിരുന്നു അന്ത്യം. ബസുവിന്റെ മരണവാര്‍ത്ത കണ്ഠമിടറിക്കൊണ്ട്് പാര്‍ട്ടി സെക്രട്ടറി ബിമന്‍ബോസ് ആശുപത്രിക്ക് പുറത്ത് വാര്‍ത്താ ലേഖകരോട് വിശദീകരിക്കുകയായിരുന്നു.

ഞായറാഴ്ച വൈകീട്ട് എ എം ആര്‍ ഐ ആശുപത്രിയില്‍ നിന്ന് ബസുവിന്റെ മൃതദേഹം പുറത്തേക്കെടുത്തപ്പോള്‍ പുറത്ത് തടിച്ച്കൂടിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ കണ്ഠങ്ങളില്‍ നിന്ന് ‘ജ്യോതി ബസു അമര്‍ രഹെ, ജ്യോതി ബസു ലാല്‍സലാം’ എന്നിങ്ങനെ മുദ്രാവാക്യം മുഴങ്ങി. ആശുപത്രിക്ക് പുറത്ത് വികാര നിര്‍ഭരമായ രംഗമായിരുന്നു. ചൊവ്വാഴ്ച വരെ ബസുവിന്റെ മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ മൃതദേഹം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. ഇവിടെ പാര്‍ട്ടി നേതാക്കള്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കും. തുടര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മൃതദേഹം എന്‍ ആര്‍ എസ് ആശുപത്രിക്ക് കൈമാറും. മസുവിന്റെ ആഗ്രഹപ്രകാരം മൃതദേഹം വിദ്യാര്‍ഥികളുടെ പഠനത്തിനായി ഉപയോഗിക്കാനാണിത്.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഈ മാസം ഒന്നിനാണ് ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബസുവിന്റെ ജീവന്‍ നിലനിര്‍ത്താനായി ഡോക്ടര്‍മാര്‍ നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് മരണം സംഭവിച്ചത്.

1914 ജൂലായ് എട്ടിന് കൊല്‍ക്കത്തയിലാണ് ബസുവിന്റെ ജനനം. കൊല്‍ക്കൊത്ത സെന്റ് സേവിയസ് സ്‌കൂളിലെ പഠനത്തിന് ശേഷം പ്രസിഡന്‍സ് കോളജില്‍ തുടര്‍ വിദ്യാഭ്യാസം നടത്തി. നിയമപഠനത്തിനായി ബ്രിട്ടണില്‍ പോയപ്പോള്‍ അവിടെ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായാണ് ആദ്യം ബന്ധപ്പെട്ടത്. 1940ല്‍ അദ്ദേഹം നിയമപഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചു. ഇന്ത്യയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായ അദ്ദേഹം 1944ല്‍ റെയില്‍വേ ജീവനക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ് തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനവുമായി രംഗത്തു വന്നു.

1946ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതികായനായ ഹുമയൂണ്‍ കബീറിനെ തറപറ്റിച്ച് റയില്‍വേ തൊഴിലാളികളുടെ മണ്ഡലത്തില്‍ നിന്നായിരുന്നു ആദ്യ ജയം. ബംഗാള്‍ നിയമസഭയിലെത്തി. 1964ല്‍ സി പി ഐ പോളിറ്റ്ബ്യൂറോയില്‍ നിന്ന് ഇറങ്ങി വന്ന സി പി ഐ എം രൂപീകരിച്ച ഒമ്പത് പേരില്‍ ഒരാളായിരുന്നു. 1967ലും 69ലും പശ്ചിമ ബംഗാള്‍ ഉപമുഖ്യമന്ത്രിയായി.

കേരളത്തില്‍ ഇ എം എസിനെയും എ കെ ജിയേയും പോലെ വ്യക്തിപ്രഭാവനായിരുന്നു ബംഗാളില്‍ ബസു. എ കെ ജിയെ പോലെ പാവങ്ങളുടെ പടത്തലവനായാണ് അദ്ദേഹം പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചത്. അത് കൊണ്ട് തന്നെ വന്‍ ജനപിന്തുണയും അദ്ദേഹത്തിന് ലഭിച്ചു. ഇ എം എസിനെപ്പോലെ ഉന്നതകുല ജാതനെങ്കിലും മാമൂലുകളും സുഖഭോഗങ്ങളും വലിച്ചെറിഞ്ഞ് അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തനത്തിലൂടെ ജനങ്ങളിലേക്കിറങ്ങുകയായിരുന്നു.

1977 ജൂണ്‍ 21നാണ് അദ്ദേഹം ബംഗാള്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. പിന്നീട് ബംഗാളില്‍ കമ്യൂണിസ്റ്റ് യുഗമായിരുന്നു. തുടര്‍ച്ചയായി 23 വര്‍ഷം അദ്ദേഹം മുഖ്യമന്ത്രിയായി ഇരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ 2000ല്‍ സ്വമേധയാ സ്ഥാനത്ത് നിന്ന് ഇറങ്ങുകയായിരുന്നു.

1996ല്‍ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ബസുവിന്റെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോയുടെ അനുമതി ലഭിക്കാതിരുന്നതിനാല്‍ സ്ഥാനം ഏറ്റില്ല. എന്നാല്‍ അന്ന് പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നതിനെ ചരിത്രപരമായ വിഢ്ഢിത്തരമെന്നാണ് ജ്യോതി ബസു പിന്നീട് പ്രതികരിച്ചത്. എച്ച്.ഡി.ദേവഗൗഡയാണ് പിന്നീട് പ്രധാനമന്ത്രിയായത്.

ബസുവിന്റെ അപേക്ഷ മാനിച്ച് 2008ലാണ് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് ഒഴിവാക്കിയത്. എങ്കിലും പി ബിയിലെ പ്രത്യേക ക്ഷണിതാവായും കേന്ദ്ര കമ്മിറ്റിയംഗമായും അദ്ദേഹം തുടരുകയായിരുന്നു.

Advertisement