Administrator
Administrator
കണ്ണീര്‍പ്പൂക്കളോടെ യാത്രാമൊഴി
Administrator
Tuesday 19th January 2010 6:45pm

കൊല്‍ക്കത്ത: സി പി ഐ എം നേതാവ് ജ്യോതി ബസുവിന് പതിനായിരങ്ങള്‍ കണ്ഠമിടറിക്കൊണ്ട് യാത്രാമൊഴി നല്‍കി. പശ്ചിമ ബംഗാള്‍ നിയമസഭാ മന്ദിരത്തില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം വിലാപയാത്രയായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എസ് എസ് കെ എം ആശുപത്രിയിലെത്തിച്ച് കൈമാറുകയായിരുന്നു. ബസുവിന്റെ മൃതദേഹം ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിനായി ഉപയോഗിക്കും. ബസുവിന്റെ ആഗ്രഹപ്രകാരമാണ് കൈമാറ്റം. സി പി ഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് സമ്മതപത്രം ആശുപത്രിക്കു കൈമാറി

കനത്ത മഞ്ഞ് അവഗണിച്ച് പ്രിയനേതാവിന്റെ അന്ത്യയാത്രക്ക് സാക്ഷ്യം വഹിക്കാന്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. എസ് എസ് കെ എം ആശുപത്രി സ്ഥിതി ചെയ്യുന്ന മോഹര്‍കുഞ്ജ് പാര്‍ക്കിനു സമീപം മൃതദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ബസുവിനെ മൃതദേഹവുമായുള്ള വിലാപയാത്രയില്‍ പങ്കെടുത്ത ജനം കൊണ്ട് കൊല്‍ക്കൊത്ത നിറഞ്ഞിരുന്നു.

ഇന്ന് രാവിലെ 7.30ഓടെ പീസ് ഹെവന്‍ മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം അലിമുദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനമായ മുസാഫര്‍ ഭവനില്‍ എത്തിച്ചു. പാര്‍ട്ടി നേതാക്കള്‍ അവിടെവച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ശേഷം നിയമസഭാമന്ദിരമായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ വെച്ച് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവര്‍ക്കു വേണ്ടി ഉദ്യോഗസ്ഥര്‍ റീത്തു സമര്‍പ്പിച്ചു. തുടര്‍ന്ന് നിയമസഭ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരും റീത്ത് സമര്‍പ്പിച്ചു.

സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, പ്രണബ് മുഖര്‍ജി, സി പി ഐ എം നേതാക്കളായ സീതാറാം യച്ചൂരി, ബുദ്ധദേവ് ഭട്ടാചാര്യ, വി.എസ് അച്യുതാനന്ദന്‍, മാണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, സമര്‍ മുഖര്‍ജി, കേരളത്തില്‍ നിന്നുള്ള മന്ത്രിമാരായ പി കെ ഗുരുദാസന്‍, എം എ ബേബി, എം വിജയകുമാര്‍, ബി ജെ പി നേതാക്കളായ എല്‍ കെ അദ്വാനി, നിതിന്‍ ഗഡ്കരി, മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ശരത് യാദവ്, ഷിബു സോറന്‍, ലാലു പ്രസാദ് യാദവ്, ചന്ദ്രബാബു നായിഡു, ജയ്പാല്‍ റെഡ്ഡി, ശരത് പവാര്‍, സോമനാഥ് ചാറ്റര്‍ജി തുടങ്ങി നിരവധി പ്രമുഖര്‍ ബസുവിന് അന്തിമോപചാരം അര്‍പ്പിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള നിരവധി കാബിനറ്റ് മന്ത്രിമാരും മറ്റ് പാര്‍ട്ടികളുടെ നേതാക്കളും ഹസീനയോടൊപ്പമുണ്ടായിരുന്നു. ചൈന, ഭൂട്ടാന്‍, വെനസ്വേലന്‍ നയതന്ത്ര പ്രതിനിധികളും ബസുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ബസുവിന്റെ നിര്യാണത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അനുശോചിച്ചു. മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്ന ബസുവിന്റെ വേര്‍പാട് വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ബസുവിന്റെ മരണം ലോക തൊഴിലാളി പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കി. കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ നേതാവ് ഗെന്നഡി സ്യുഗാനോവ് സി പി ഐ എം നേതൃത്വത്തിന് അനുശോചനസന്ദേശം അയച്ചു. യു എസ്സ് എസ്സ ആറിന്റേയും റഷ്യയുടേയും നല്ല സുഹൃത്തായിരുന്ന ബസുവിന്റെ നിര്യാണം ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് റഷ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍, റഷ്യ, ചൈന, ക്യൂബ, ലാവോസ്, വിയറ്റ്‌നാം, ശ്രീലങ്ക വെനസ്വേല, ഉത്തര കൊറിയ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ എ കെ ജി ഭവനിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഇന്ത്യയിലെ തന്നെ തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും 23 വര്‍ഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസു ഞായറാഴ്ച രാവിലെ 11.47 ഓടെയാണ് അന്തരിച്ചത്. ഈ മാസം ഒന്നിനാണ് ബസുവിനെ ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisement