കൊല്‍ക്കൊത്ത: സംസ്‌കാരച്ചടങ്ങുകള്‍ ഒഴിവാക്കി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിട്ട് കൊടുത്ത ബസുവിന്റെ മൃതദേഹത്തിന് മകന്റെ ശ്രാദ്ധം. ബസുവിന്റെ പൗത്രന്‍ ചന്ദന്‍ ബസുവിന്റെ വീട്ടിലാണ് ശ്രാദ്ധ ചടങ്ങുകള്‍ നടന്നത്.

സാള്‍ട്ട് ലേക്ക് വസതിയിലായിരുന്നു ചടങ്ങ്. കഴിഞ്ഞ 33 വര്‍ഷം ബസുവിന്റെ സന്തത സഹചാരിയായിരുന്ന ജോയ് കൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ 10 മണിമുതല്‍ തുടങ്ങിയ പൂജാ ചടങ്ങുകള്‍ നാല് മണിക്കൂര്‍ നീണ്ടു. ബസുവിന്റെ ഫോട്ടോ മുന്നില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. കലിഖത്ത് ക്ഷേത്രത്തിലെ പൂജാരിയും മറ്റ് മൂന്ന് പേരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എന്നാല്‍ സി പി ഐ എം നേതാക്കളാരും ചടങ്ങില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടില്ല.

ജനുവരി പതിനേഴിനാണ് മുതിര്‍ന്ന സി പി ഐ എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതിബസു അന്തരിച്ചത്. ജ്യോതി ബസുവിന്റെ അന്ത്യാഭിലാഷപ്രകാരം സംസ്‌കാര ചടങ്ങുകള്‍ ഒഴിവാക്കി മൃതദേഹം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ട് കൊടുക്കുകയായിരുന്നു. ബസുവിന്റെ മൃതദേഹം വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിനായി ഉപയോഗിച്ച് തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തലച്ചോര്‍നീക്കം ചെയ്തിട്ടുണ്ട്. ബസുവിന്റെ കണ്ണുകള്‍ നേരത്തെ ദാനം ചെയ്തിരുന്നു.

മുമ്പ് മുതിര്‍ന്ന സി പി ഐ എം നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തതായ്തത് ഏറെ വിവാദമായിരുന്നു. കന്യാകുമാരിയിലായിരുന്നു നായനാരുടെ ചിതാഭസ്മ നിമഞ്ജന ചടങ്ങില്‍ സി പി ഐ എം നേതാക്കളും പങ്കെടുത്തിരുന്ന. സി പി ഐ എം പ്രവര്‍ത്തകനും വിപ്ലവ കവിയായുമായ കെ സി ഉമേഷ് ബാബു മൂടല്‍ എന്ന കവിതയിലൂടെ നായനാരുടെ അന്ത്യ ചടങ്ങുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.