രണ ശേഷം തന്റെ മൃതദേഹം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ട് കൊടുക്കണമെന്ന് രേഖാമൂലം പാര്‍ട്ടിയോട് ആവശ്യപ്പെട്ടാണ് മുതിര്‍ന്ന സി പി ഐ എം നേതാവ് ജ്യോതി ബസു വിട പറഞ്ഞത്. 2003 ഫെബ്രുവരിയിലാണ് ബസു തന്റെ ആവശ്യം ആദ്യം ഒരു ചടങ്ങില്‍ വെച്ച് ഉന്നയിച്ചത്. ഈ വര്‍ഷം മെയില്‍ തന്നെ അദ്ദേഹം തന്റെ ആവശ്യം പാര്‍ട്ടിക്ക് എഴുതി നല്‍കുകയുണ്ടായി. മൃതദേഹം വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ട് കൊടുക്കുന്നതിലൂടെ ഒരു കമ്യൂണിസ്റ്റുകാരന് മരണ ശേഷവും പൊതു ജനത്തെ സേവിക്കാന്‍ അപൂര്‍വ്വ അവസരമാണ് ലഭിക്കുന്നതെന്നായിരുന്നു ബസു അഭിപ്രായപ്പെട്ടത്.

1914 ജൂലായ് എട്ടിന് കൊല്‍ക്കത്തയിലാണ് ബസുവിന്റെ ജനനം. കൊല്‍ക്കൊത്ത സെന്റ് സേവിയസ് സ്‌കൂളിലെ പഠനത്തിന് ശേഷം പ്രസിഡന്‍സ് കോളജില്‍ തുടര്‍ വിദ്യാഭ്യാസം നടത്തി. നിയമപഠനത്തിനായി ബ്രിട്ടണില്‍ പോയപ്പോള്‍ അവിടെ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായാണ് ആദ്യം ബന്ധപ്പെട്ടത്. 1940ല്‍ അദ്ദേഹം നിയമപഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചു. ഇന്ത്യയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായ അദ്ദേഹം 1944ല്‍ റെയില്‍വേ ജീവനക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ് തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനവുമായി രംഗത്തു വന്നു.

1946ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതികായനായ ഹുമയൂണ്‍ കബീറിനെ തറപറ്റിച്ച് റയില്‍വേ തൊഴിലാളികളുടെ മണ്ഡലത്തില്‍ നിന്നായിരുന്നു ആദ്യ ജയം. ബംഗാള്‍ നിയമസഭയിലെത്തി. 1964ല്‍ സി പി ഐ പോളിറ്റ്ബ്യൂറോയില്‍ നിന്ന് ഇറങ്ങി വന്ന സി പി ഐ എം രൂപീകരിച്ച ഒമ്പത് പേരില്‍ ഒരാളായിരുന്നു. 1967ലും 69ലും പശ്ചിമ ബംഗാള്‍ ഉപമുഖ്യമന്ത്രിയായി.

കേരളത്തില്‍ ഇ എം എസിനെയും എ കെ ജിയേയും പോലെ വ്യക്തിപ്രഭാവനായിരുന്നു ബംഗാളില്‍ ബസു. എ കെ ജിയെ പോലെ പാവങ്ങളുടെ പടത്തലവനായാണ് അദ്ദേഹം പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചത്. അത് കൊണ്ട് തന്നെ വന്‍ ജനപിന്തുണയും അദ്ദേഹത്തിന് ലഭിച്ചു. ഇ എം എസിനെപ്പോലെ ഉന്നതകുല ജാതനെങ്കിലും മാമൂലുകളും സുഖഭോഗങ്ങളും വലിച്ചെറിഞ്ഞ് അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തനത്തിലൂടെ ജനങ്ങളിലേക്കിറങ്ങുകയായിരുന്നു.

1977 ജൂണ്‍ 21നാണ് അദ്ദേഹം ബംഗാള്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. പിന്നീട് ബംഗാളില്‍ കമ്യൂണിസ്റ്റ് യുഗമായിരുന്നു. തുടര്‍ച്ചയായി 23 വര്‍ഷം അദ്ദേഹം മുഖ്യമന്ത്രിയായി ഇരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ 2000ല്‍ സ്വമേധയാ സ്ഥാനത്ത് നിന്ന് ഇറങ്ങുകയായിരുന്നു.

1996ല്‍ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ബസുവിന്റെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോയുടെ അനുമതി ലഭിക്കാതിരുന്നതിനാല്‍ സ്ഥാനം ഏറ്റില്ല. എന്നാല്‍ അന്ന് പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നതിനെ ചരിത്രപരമായ വിഢ്ഢിത്തരമെന്നാണ് ജ്യോതി ബസു പിന്നീട് പ്രതികരിച്ചത്. എച്ച്.ഡി.ദേവഗൗഡയാണ് പിന്നീട് പ്രധാനമന്ത്രിയായത്.

ബസുവിന്റെ അപേക്ഷ മാനിച്ച് 2008ലാണ് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് ഒഴിവാക്കിയത്. എങ്കിലും പി ബിയിലെ പ്രത്യേക ക്ഷണിതാവായും കേന്ദ്ര കമ്മിറ്റിയംഗമായും അദ്ദേഹം തുടരുകയായിരുന്നു.