Administrator
Administrator
‘ജ്യോതിസ്’ തട്ടിപ്പ് കമ്പനി: ലോട്ടറി ഡയരക്ടര്‍
Administrator
Tuesday 21st December 2010 8:20pm

തിരുവനന്തപുരം: ജ്യോതിസ് സമ്പാദ്യ പദ്ധതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ലോട്ടറി ജോയിന്റ് ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളാ ഭാഗ്യക്കുറിയുടെ വിശ്വാസ്യത മുതലെടുത്താണ് ജ്യോതിസ് പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക ഇടപാട് സ്ഥാപനങ്ങള്‍ ചെയ്തിരിക്കേണ്ട റിസര്‍വ്വ് ബാങ്ക് രജിസ്‌ട്രേഷന്‍ ജ്യോതിസ് എടുത്തിട്ടില്ല. അന്വേഷിച്ചപ്പോള്‍ തങ്ങള്‍ ധനകാര്യ സ്ഥാപനമല്ലെന്നാണ് ജ്യോതിസ് മറുപടി നല്‍കിയത്.

ലോട്ടറി വകുപ്പിന്റെ അനുമതിയില്ലാതെയാണ് ജ്യോതിസ് പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം തകര്‍ന്നാല്‍ നിക്ഷേപകരുടെ ഭാവി ആശങ്കയിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡിജിപി സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള ലോട്ടറി മോണിറ്ററിംഗ് സെല്‍ ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ജോയിന്റ് ഡയറക്ടര്‍ വി.എസ് സുഭാഷ് ചന്ദ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജ്യോതിസിന്റെ ലൈസന്‍സിയായ നീതാ കുര്യാച്ചന്റെ മൊഴിയെടുത്തിട്ടുണ്ട്. ആഴ്ചയില്‍ ഏഴുലക്ഷം രൂപയുടെ മാത്രം ടിക്കറ്റെടുക്കുന്ന ജ്യോതിസിന് എങ്ങനെ വന്‍തോതില്‍ പരസ്യം നല്‍കാന്‍ കഴിയുന്നതെന്ന ചോദ്യത്തിന് തന്നെ ഇവര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. അംഗങ്ങളില്‍നിന്ന് വാങ്ങുന്ന 1025 രൂപക്ക് 500 രൂപയുടെ പുസ്തകവും 500 രൂപയുടെ ടിക്കറ്റും നല്‍കുമെന്നാണ് അവര്‍ പറഞ്ഞത്.

നേരത്തെ പുതുതായി ഇടപാടുകള്‍ നടത്തരുതെന്ന് കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ജ്യോതിസിന് നോട്ടീസ് നല്‍കിയിരുന്നു. പുതുതായി നിക്ഷേപം സ്വീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ജ്യോതിസിനെതിരെ നടപടി സ്വീകരിക്കുമെന്ന് കാണിച്ചായിരുന്നു നോട്ടീസ്.

ഇതനുസരിച്ച് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിച്ചുതുടങ്ങിയതായും ജ്യോതിസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള നോട്ടീസ് ഇപ്പോഴും നിലനില്‍ക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. ഇടപാടുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും കമ്മിഷണര്‍ പറഞ്ഞു

Advertisement