കോഴിക്കോട്: കേരള സര്‍ക്കാര്‍ ലോട്ടറിയുടെ പേര്‍ അനധികൃതമായി ഉപയോഗിക്കുന്ന ‘ജ്യോതിസ് സമ്പാദ്യ പദ്ധതി’യുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് ലോട്ടറി ഡയരക്ടറുടെ നിര്‍ദേശം. ഇന്ന് പുറത്തിറങ്ങിയ മാധ്യമങ്ങളിലാണ് ഡയരക്ടര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ് ഈ നിര്‍ദേശം പരസ്യമായി നല്‍കിയത്.

സംസ്ഥാന ലോട്ടറി ഏജന്‍സി ലൈസന്‍സുള്ള നീതാ കുര്യച്ചനാണ് അതുപയോഗിച്ച് ജ്യോതിസ് പദ്ധതി തുടങ്ങിയത്. 43 വര്‍ഷമായി വിശ്വാസ്യതയോടുകൂടി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുമായി ബന്ധപ്പെടുത്തി സ്വകാര്യ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ഏജന്റ് സംസ്ഥാന ഭാഗ്യക്കുറി ഡയരക്ടറുടെയോ സംസ്ഥാന സര്‍ക്കാറിന്റെയോ അനുമതി വാങ്ങിയിരുന്നില്ല.

സംസ്ഥാന ലോട്ടറിയുടെ പേരുപയോഗിച്ച് നടത്തുന്ന പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതനുസരിച്ച് ഏജന്റ് നടത്തിവന്നിരുന്ന ജ്യോതിസിനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ലോട്ടറി വകുപ്പിന് അന്വേഷണത്തിന് അധികാരമില്ലെന്ന ധിക്കാരപരമായ മറുപടിയാണ് ലൈസന്‍സിയില്‍ നിന്നുണ്ടായതെന്ന് ലോട്ടറി ഡയരക്ടര്‍ നല്‍കിയ പരസ്യത്തില്‍ പറയുന്നു.

നിലവില്‍ ഏജന്‍സി ഇല്ലാതിരുന്നിട്ടും ലോട്ടറി വകുപ്പിനെ ഉള്‍പ്പെടുത്തി പരസ്യം നല്‍കുകയാണ് ഇവര്‍ ചെയ്തത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തില്‍ ‘സൗഭാഗ്യം സര്‍ക്കാര്‍ ലോട്ടറിയിലൂടെ സമ്പാദ്യം ജ്യോതിസിലൂടെ’ എന്ന പരസ്യം സംപ്രേഷണം ചെയ്യരുതെന്നാണ് ഡയരക്ടര്‍ മാധ്യമങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഏജന്‍സി നിലവിലില്ലാത്തതിനാല്‍ ജ്യോതിസ് എന്ന പദ്ധതിയില്‍ പൊതുജനം പണം മുടക്കുന്നത് സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കുമെന്നും ഡയരക്ടര്‍ വ്യക്തമാക്കുന്നു.