Categories

എ.ടി.എമ്മില്‍ ആക്രമണത്തിനിരയായ യുവതിയുടെ മൊബൈല്‍ ആന്ധ്രയില്‍ നിന്ന് കണ്ടെടുത്തു

banguluru-atm

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ എ.ടി.എം കൗണ്ടറില്‍ വെച്ച് ആക്രമണത്തിനിരയായ ജ്യോതി ഉദയ് (37) യുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ആന്ധ്രാപ്രദേശില്‍ നിന്നാണ് മൊബൈല്‍ കണ്ടെടുത്തത്.

മൊബൈല്‍ വാങ്ങിയ ആളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ നിലയില്‍ കാര്യമായ പുരോഗതിയില്ല.

ചൊവ്വാഴ്ച രാവിലെ 7.10 ഓടെ അജ്ഞാതനായ അക്രമി എ.ടി.എമ്മിനുളളില്‍ കടന്ന് ജ്യോതിയെ ആക്രമിക്കുകയായിരുന്നു. ഇവര്‍ പണമെടുക്കാനായി കയറിയ ഉടന്‍ തന്നെ ആയുധധാരിയായ അക്രമി ഷട്ടറടച്ചിതു ശേഷം പണമെടുക്കാന്‍ ആവശ്യപ്പെട്ടു.

യുവതി എതിര്‍ത്തതോടെയാണ് മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം അക്രമി പുറത്തിറങ്ങി ഷട്ടര്‍ താഴ്ത്തി രക്ഷപെടുകയും ചെയ്തു.

സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കാത്ത ഈ എ.ടി.എമ്മും പരിസരവും ശ്രദ്ധിച്ചിരുന്നത് സമീപത്തെ എല്‍ഐസി ഓഫീസിലെ സെക്യൂരിറ്റി ഗാര്‍ഡുകളായിരുന്നു.

ഇവര്‍ക്ക് രാവിലെ 10 മണി മുതലാണ് ഡ്യൂട്ടി തുടങ്ങുന്നത്. എ.ടി.എം കൗണ്ടറിന് പുറത്ത് ചോരപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെട്ടേറ്റ് അവശനിലയിലായ ജ്യോതിയെ കണ്ടെത്തിയത്.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം ഇതുവഴി സ്‌കൂളില്‍ പോയ കുട്ടികളാണ് എടിഎം കൗണ്ടറിനുള്ളില്‍ നിന്ന് രക്തമൊഴുകുന്നതു കണ്ട് ആളുകളോട് വിവരം പറഞ്ഞത്. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജ്യോതിയുടെ വലതു വശം തളര്‍ന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. തലയ്ക്ക് മാരകമായി വെട്ടേറ്റത് കാരണം യുവതിയുടെ തലയോട്ടി തകര്‍ന്നിരുന്നു.

Tagged with: