ന്യൂ ദഡല്‍ഹി: സി. പി. ഐ. എമ്മിന്റെ ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടിന്റെ കാര്യപ്രാപ്തിയില്‍ മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യൂറോ അമഗവുമായുരുന്ന ജ്യോതി ബസുവിന് സംശയമുണ്ടായിരുന്നതായി വിക്കിലീക്‌സ്. മുന്‍ അമേരിക്കന്‍ അംബാസിഡര്‍ ഡേഡിവ് മല്‍ഫോര്‍ഡുമായി നടത്തിയ ചര്‍ച്ചയിലാണ് പശ്ചിമംഗാള്‍ മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന ബസു ഇങ്ങിനെ പറഞ്ഞത്.

ഹര്‍കിഷന്‍ സിംഗിന്റെ പിന്‍ഗാമിയായി പ്രകാശ് കാരാട്ടിനെക്കാളും സീതാറാം യെച്ചൂരി ആ സ്ഥാനത്ത് വരാനായിരുന്നു ജ്യോതി ബസുവിന് താല്‍പര്യം. മികച്ച സംഘാടകനാണെന്ന് തെളിയിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും യു. പി. എ സര്‍ക്കാരുമായി മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുര്‍ജിത്ത് നിലനിര്‍ത്തുന്ന നല്ല ബന്ധം തുടരാന്‍ കാരാട്ടിന് കഴിയുമോയെന്നു ജ്യോതി ബസു സംശയം പ്രകടിപ്പിച്ചെന്നാണ് വിക്കിലീക്‌സ് രേഖയിലുള്ളത്.

കാരാട്ട് ചുമതലയേല്‍ക്കാന്‍ പത്തുദിവസം ബാക്കിയുള്ളപ്പോഴായിരുന്നു ബസു-മല്‍ഫോര്‍ഡ് ചര്‍ച്ച നടന്നത്. ഇതുസംബന്ധിച്ച് മല്‍ഫോര്‍ഡ് അമേരിക്കന്‍ അധികൃതര്‍ക്ക് അയച്ച കേബിള്‍ സന്ദേശമാണ് വിക്കി ലീക്‌സ് പുറത്തുവിട്ടത്.