ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലോകം സൈന നെഹ്‌വാളിന് അമിതപ്രാധാന്യം നല്‍കുന്നതായി 2010 ലെ സ്വര്‍ണ മെഡല്‍ ജേതാവായ ജ്വാല ഗുട്ട.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലെമെഡല്‍ ജേതാവായ സൈനയ്ക്ക് അമിത പ്രാധാന്യം നല്‍കേണ്ട കാര്യമില്ലെന്നാണ് ജ്വാല പറയുന്നത്.

Ads By Google

2013 ലെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിലെ അഞ്ച് ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് ജ്വാല ഗുട്ട. ഇന്ത്യയിലെ കായിക വളര്‍ച്ചയുടെ പോക്ക് എങ്ങോട്ടേക്കാണെന്നതില്‍ ആശങ്കയുണ്ടെന്നും ജ്വാല പറയുന്നു.

‘ഡബിള്‍സ് കളിക്കാര്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. പക്ഷേ അവര്‍ എന്നും തഴയപ്പെടുന്നു. സൈന ദേശീയ കോച്ചായ ഗോപീചന്ദിന്റെ കീഴിലാണ് പരിശീലിക്കുന്നതെന്നോര്‍ക്കണം. ഇന്ത്യന്‍ ബാഡ്മിന്റണിന്റെ മുഖം സൈനയുടേത് മാത്രമല്ല.’ ജ്വാല പറയുന്നു.

എല്ലാ കായിക താരങ്ങള്‍ക്കും പ്രോത്സാഹനം ലഭിക്കണം. അവര്‍ക്കത് ആവശ്യമാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ബാഡ്മിന്റണില്‍ അതുണ്ടാവുന്നില്ല. ഇത് ഇന്ത്യയുടെ കായിക ലോകത്തിന്റെ ഭാവിക്ക് ഗുണകരമല്ലെന്നും ജ്വാല ഗുട്ട പറയുന്നു.