ഒട്ടാവ: കാനഡയില്‍ ഇന്ത്യക്കാരുടെ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വെള്ള ദോത്തിയും മഞ്ഞ സില്‍ക്ക് കുപ്പായവുമിട്ടാണ് ട്രൂഡോ ആഘോഷങ്ങളില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററിലൂടെ പങ്കു വെക്കുകയും ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട്.

ധാരാളം വിദേശികളുള്ള കാനഡയില്‍ നേരത്തെയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ആശംസകള്‍ നേരുകയും ചെയ്ത് ട്രൂഡോ ശ്രദ്ധ നേടിയിരുന്നു. പൊങ്കലിന് മാത്രമല്ല മാത്രമല്ല പഞ്ചാബികളുടെ പ്രധാന ആഘോഷമായ വൈശാഖിക്കും ദീപാവലിക്കും ബലി പെരുന്നാളിനും അദ്ദേഹം ആശംസ നേര്‍ന്നിരുന്നു.

ലിബറല്‍ പാര്‍ട്ടി നേതാവും യുവപ്രധാനമന്ത്രിയായ ട്രൂഡോ കാനഡയ്ക്ക് പുറത്തും ജനപ്രിയനാണ്. കാനഡയുടെ മുന്‍പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ മകനാണ് ട്രൂഡോ.

അഭയാര്‍ത്ഥി വിഷയത്തിലടക്കം മാതൃകാപരമായ നിലപാട് സ്വീകരിച്ച കാനഡ നിരവധി അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. അഭയാര്‍ത്ഥികളോടുള്ള നിലപാടിന്റെ പേരില്‍ കാനഡയില്‍ അഭയം തേടിയ മുസ്‌ലിം ദമ്പതികള്‍ തങ്ങള്‍ക്ക് ജനിച്ച കുഞ്ഞിന് ട്രൂഡോ എന്ന് പേരിട്ടത് വാര്‍ത്തയായിരുന്നു.