തിരുവനന്തപ്പുരം: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ധനസഹായം നല്‍കരുതെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ചെയര്‍മാനായ കമ്മീഷന്റെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം ഉള്ളത്. സുരക്ഷിതമായ ഗര്‍ഭഛിദ്രം അനുവദിക്കണമെന്നും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന പ്രചാരണങ്ങള്‍ ശിക്ഷാര്‍ഹമായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കല്യാണ സമയത്ത് സൗജന്യമായി ലഭ്യമാക്കണമെന്നും നിര്‍ദേശിക്കുന്നു. ആരോഗ്യ രംഗത്തെ നിയമങ്ങള്‍ക്കനുസൃതമായി ആശുപത്രികള്‍ വഴി സൗജന്യമായി ഗര്‍ഭഛിദ്രം അനുവദിക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ‘നാം രണ്ട് നമുക്ക് രണ്ട്’ നയം പരാജയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വ്വം പ്രവര്‍ത്തിക്കുന്നവര്‍ക്ക് 10,000 രൂപ പിഴയോ മൂന്ന് മാസം തടവോ ശിക്ഷ നല്‍കണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

കോടതിക്ക് പുറത്തുവച്ച് വിവാഹമോചനങ്ങള്‍ സാധ്യമാക്കുന്നതിനുള്ള നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇരു കൂട്ടരുടെയും പൂര്‍ണ സമ്മതത്തോടെ വിവാഹ മോചനങ്ങള്‍ സാധ്യമാക്കുന്നതിന് മാര്യേജ് ഓഫീസറെ നിയമിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. കുടുംബകോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും ഇത് മൂലം സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ചാണ് ഈ നിര്‍ദേശം.

ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിന് ഷെല്‍ട്ടര്‍ ഹോം, കുട്ടികളുടെ ക്ഷേമത്തിനായി സംസ്ഥാന കമ്മീഷന്‍ എന്നിവയും കമ്മീഷന്റെ നിര്‍ദേശങ്ങളിലുണ്ട്. 94പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത് കൃഷ്ണയ്യര്‍ ഉള്‍പ്പെടെ 12 അംഗങ്ങളാണ്.