justice-thunkappan കൊച്ചി: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് തങ്കപ്പനെ പ്രത്യേക അന്വേഷണ സംഘം ചാദ്യം ചെയ്തു. കൊച്ചി ചോറ്റാനിക്കരയിലെ വസതിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി വിജയന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ജയ്‌സണ്‍ എബ്രഹാം എന്നിവര്‍ ജസ്റ്റിസ് തങ്കപ്പന്റെ വസതിയിലെത്തിയത്.

നേരത്തെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന് കാണിച്ച് ജസ്റ്റിസ് തങ്കപ്പന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കോടതിയുടെ അനുമതിയോടെ മാത്രമേ തന്നെ ചോദ്യം ചെയ്യാനാവൂവെന്ന നിലപാടിലായിരുന്നു ജസ്റ്റിസ് തങ്കപ്പന്‍.

ഐസ്‌ക്രീം കേസില്‍ പണം വാങ്ങി വിധി പ്രഖ്യാപിച്ചുവെന്നാണ് ജസ്റ്റിസ് തങ്കപ്പനെതിരെയുള്ള കേസ്. പ്രധാനമായും നാല് കേസുകള്‍ ഇങ്ങിനെ അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം. ഐസ്‌ക്രീം കേസിലെ വിചാരണ കോടതി മാറ്റുക, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റുക എന്നീ ആവശ്യങ്ങളുന്നയിച്ച് നല്‍കിയ ഹരജികള്‍, റജീനയുടെ വയസ്സ് തിരുത്തിയ കേസ്, കേസില്‍ വേഗത്തില്‍ വിധി തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി എന്നിവയില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചുവെന്നാണ് ആരോപണം. ജസ്റ്റിസ് തങ്കപ്പന്‍, ജസ്റ്റിസ് നാരായണക്കുറുപ്പ് എന്നിവര്‍ക്കെതിരെയാണ് കെ.എ റഊഫ് വെളിപ്പെടുത്തല്‍ നടത്തിയത്. റഊഫിന്റെയും കെ.സി പീറ്ററുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്.

വിധി അനുകൂലമാക്കുന്നതിന് വേണ്ടി തങ്കപ്പനും നാരായണക്കുറുപ്പിനും പണം നല്‍കിയിട്ടുണ്ടെന്നും താനാണ് അത് എത്തിച്ചു നല്‍കിയതെന്നുമായിരുന്നു കെ.എ റഊഫിന്റെ വെളിപ്പെടുത്തല്‍.