ന്യൂദല്‍ഹി: പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ആഭ്യന്തരമന്ത്രി പി ചിദംബരത്തിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പ്രത്യേക തെലുങ്കാനപ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് ഫെബ്രുവരിയിലായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷനെ നിയോഗിച്ചത്. പ്രശ്‌നപരിഹാരത്തിനായി അഞ്ചോളം നിര്‍ദ്ദേശങ്ങളാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി കമ്മീഷന്‍ ദല്‍ഹിയിലും ആന്ധ്രപ്രദേശിലും നിരവധി തെളിവെടുപ്പുകള്‍ നടത്തിയിരുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടികളോടും സാമൂഹ്യ സാംസ്‌കാരികസംഘടനകളോടും ചര്‍ച്ച നടത്തിയശേഷമാണ് സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട് ജനുവരി ആറിന് വെളിപ്പെടുത്തും
തെലുങ്കാന സംസ്ഥാനരൂപീകരണവുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജനുവരി ആറിന് വെളിപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. ജനുവരി ആറിന് ആന്ധ്രപ്രദേശിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.