ന്യൂദല്‍ഹി: ആഭ്യന്തര അടിയന്തരാവസ്ഥ നിലനില്‍ക്കെ പൗരന്റെ മൗലികാവകാശങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന വിധി പ്രഖ്യാപിച്ചതില്‍ തെറ്റുപറ്റിയെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.എന്‍ ഭഗവതി. ‘മൈ ലോ’ എന്ന വെബ് പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഭഗവതിയുടെ കുറ്റസമ്മതം.

‘ ദൗര്‍ബല്യത്തിന്റെ പ്രകടനമായിരുന്നു ആ തീരുമാനം. അത് എന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായിരുന്നു. ആ വിധി ജസ്റ്റിസ് ഭഗവതിയുടേതല്ല’- അഭിമുഖത്തില്‍ പറയുന്നു. അടിയന്തിരാവസ്ഥയില്‍ പൗരന്റെ മൗലികാവകാശങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന് വിധിച്ച സുപ്രീംകോടതി ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് പി.എന്‍ ഭഗവതി. അന്ന് ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് എച്ച്.ആര്‍ ഖന്ന മാത്രമാണ് വിയോജനക്കുറിപ്പ് വിധിന്യായത്തില്‍ എഴുതിച്ചേര്‍ത്തത്. ജസ്റ്റിസ് ഖന്നയുടെ വിയോജനക്കുറിപ്പ് പിന്നീട് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വവും അസാധാരണവുമായ ഏടായി വിശേഷിപ്പിക്കപ്പെട്ടു.

1975 മുതല്‍ 1977 വരെ നീണ്ട അടിയന്തിരാവസ്ഥക്കാലത്ത് ആയിരക്കണക്കിനാളുകളെയാണ് പോലീസ് നിയമ വിരുദ്ധമായി തടങ്കലില്‍വച്ചത്. അത്തരം കേസുകളില്‍ ഹേബിയസ് കോര്‍പസ് റിട്ടുകള്‍ രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ടു. പോലീസ് കസ്റ്റഡിയിലെടുത്തവരെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹരജികള്‍. അടിയന്തിരാവസ്ഥയില്‍ ഇത്തരം റിട്ടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും പൗരന്റെ മൗലികാവകാശങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും ഇന്ദിരാഗാന്ധി ഭരണകൂടം വാദിച്ചു. എന്നാല്‍ ഹൈക്കോടതി ഈ വാദം തള്ളി.

മധ്യപ്രദേശ് സ്വദേശിയായ ശിവകാന്ത് ശുക്ല ജബല്‍പൂര്‍ എ.ഡി.എമ്മിനെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് റിട്ട് സംസ്ഥാന ഹൈക്കോടതി അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജികള്‍ 1976ഏപ്രില്‍ 28നാണ് സുപ്രീംകോടതി വിവാദ വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസുമാരായ ഭഗവതി, എ.എന്‍ റോയ്, വൈ.വി ചന്ദ്രചൂഡ്, എച്ച്.എം ബേഗ് എന്നിവര്‍ ഇന്ദിരാ ഭരണകൂടത്തിന്റെ നിലപാടിനോട് യോജിച്ചു.

ഇതിലാണ് 35 വര്‍ഷത്തിന് ശേഷം പി.എന്‍. ഭഗവതി തെറ്റ് ഏറ്റുപറയുന്നത്. ‘ ഞാന്‍ തെറ്റായിരുന്നു. ഭൂരിപക്ഷവിധി ശരിയായ വിധിയായിരുന്നില്ല. ആ കേസില്‍ പുതിയൊരു തീരുമാനമെടുക്കാന്‍ അവസരം ലഭിച്ചാല്‍ ജസ്റ്റിസ് ഖന്നയോട് യോജിപ്പ് പ്രകടിപ്പിക്കും. ആ വിധിയില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.’ ഭഗവതി പറഞ്ഞു.

എന്തുകൊണ്ടാണ് അന്ന് സഹപ്രവര്‍ത്തകര്‍ക്ക് കീഴടങ്ങിയത് എന്ന് അറിയില്ല. ഭൂരിപക്ഷ അഭിപ്രായത്തോട് ആദ്യം യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, അവസാനം അവരോട് യോജിക്കാന്‍ പ്രേരിപ്പിക്കപ്പെട്ടു. ആ സമയത്ത് ഞാന്‍ ബുദ്ധിശൂന്യനായിരുന്നു. അത്തരമൊരു കേസ് ആദ്യമായാണ് പരിഗണിക്കുന്നത്. ദൗര്‍ബല്യത്തിന്റെ പ്രകടനമായിരുന്നു അതെന്ന് ഭഗവതി പറഞ്ഞു.

ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ജസ്റ്റിസ് ആര്‍.എച്ച് ഖന്ന എഴുതിയ വിധിന്യായം ശക്തമായിരുന്നു. ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഏതെങ്കിലും ഭരണസംവിധാനത്തിന്റെ ആജ്ഞക്ക് വിധേയമാക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് ഖന്ന രേഖപ്പെടുത്തി. ഇതിന്റെ പ്രതികാരമെന്നോണം എച്ച്.ആര്‍. ഖന്നയെ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസാകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല.