ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ മുന്‍ ചീഫ് ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു. നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് കട്ജു പറഞ്ഞത്. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നടപടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടഞ്ഞുകൊണ്ട് മീഡിയാ റൂം അടച്ചിട്ടിട്ടാണുള്ളത്.


ALSO READ തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷം: സ്പീക്കറുടെ മേശ തകര്‍ത്തു; മുഖത്തേക്ക് പേപ്പര്‍ കീറിയെറിഞ്ഞു: സഭ നിര്‍ത്തി 


മാധ്യമ പ്രവര്‍ത്തകര്‍ നിയമസഭക്കുള്ളില്‍ പ്രവേശിക്കുന്നത് നേരത്തെ തടഞ്ഞിരുന്നു. മീഡിയാ റൂമിലെ സ്പീക്കര്‍വരെ ഓഫ് ചെയ്തിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് നിയമസഭ ഒരു മണിവരെ നിര്‍ത്തിവച്ചിട്ടാണുള്ളത്.

വോട്ടെടുപ്പു നീട്ടിവയ്ക്കുക അല്ലെങ്കില്‍ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളുമായാണ് പ്രതിപക്ഷത്തിന്റെയും പനീര്‍സെല്‍വം വിഭാഗത്തിന്റെയും പ്രതിഷേധം. പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നിവരും പനീര്‍സെല്‍വം വിഭാഗവും രഹസ്യവോട്ടെടുപ്പ് എന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് ആവശ്യങ്ങളും സ്പീക്കര്‍ തള്ളിക്കളയുകയായിരുന്നു. സഭാനടപടികളെക്കുറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും എന്തുചെയ്യണമെന്ന് തനിക്കറിയാമെന്നും സ്പീക്കര്‍ പി.ധനപാല്‍ നിലപാടെടുത്തു. തുടര്‍ന്ന് എം.എല്‍.എമാര്‍ മൈക്ക് വലിച്ചെറിയുകയും സ്പീക്കറുടെ മുഖത്തേക്ക് പേപ്പര്‍ കീറിയെറിയുകയുമായിരുന്നു.