എഡിറ്റര്‍
എഡിറ്റര്‍
ജസ്റ്റിസ് കെ.ടി തോമസും ഇല്ല; ലോക്പാല്‍ അവതാളത്തില്‍
എഡിറ്റര്‍
Tuesday 4th March 2014 6:30am

justice-k.t-thomas

ന്യൂദല്‍ഹി: ലോക്പാലിനെ നിര്‍ദേശിയ്ക്കാനുള്ള പരിശോധനാ സമിതിയ്ക്ക് നേതൃത്വം നല്‍കാന്‍ ഇല്ലെന്ന് ജസ്റ്റിസ് കെ.ടി തോമസും.

സമിതി അംഗമായിരുന്ന മുതിര്‍ന്ന നിയമജ്ഞന്‍ ഫാലി.എസ്.നരിമാന്‍ സമിതിയില്‍ നിന്ന് രാജി വച്ചതിന് പുറകെയാണ് ജസ്റ്റിസ് കെ.ടി തോമസും നേതൃസ്ഥാനം രാജി വച്ചിരിയ്ക്കുന്നത്.

അധികാരമില്ലാത്ത സമിതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഖജനാവ് കാലിയാക്കേണ്ടതില്ലെന്നോര്‍ത്താണ് മാറി നില്‍ക്കുന്നതെന്നും പ്രധാനമന്ത്രിയടങ്ങുന്ന സെലക്റ്റ് കമ്മറ്റി സ്വന്തം നിലയ്ക്ക് ലോക്പാലിനെ തിരഞ്ഞെടുത്താല്‍ മതിയെന്നും കെ.ടി തോമസ് പറഞ്ഞു.

പ്രധാനമന്ത്രിയ്ക്ക് കീഴിലുള്ള പേഴ്‌സനല്‍ മന്ത്രാലയങ്ങളില്‍ അപേക്ഷകള്‍ നല്‍കി കാത്തുനില്ക്കുന്നവരെയാണോ ലോക്പാലില്‍ നിയമിയ്ക്കുക. അതിന് സുപ്രീംകോടതിയില്‍ നിന്നിറങ്ങിയ ഒരു മുതിര്‍ന്ന ന്യായാധിപന്‍ മുതിരുമെന്ന് തോന്നുന്നില്ല.

അപേക്ഷകള്‍ ക്ഷണിച്ച് പേഴ്‌സനല്‍ മന്ത്രാലയം തയ്യാറാക്കുന്ന പട്ടികയില്‍ നിന്നേ പരിശോധനാ സമിതിയ്ക്ക് ലോക്പാലിനെ നിര്‍ദേശിയ്ക്കാന്‍ അധികാരമുള്ളൂ. ശേഷം ആ പട്ടികയില്‍ നിന്ന് സമിതി തിരഞ്ഞെടുക്കുന്ന പേരുകള്‍ പരിഗണനയ്ക്കായി സെലക്റ്റ് കമ്മറ്റി സമര്‍പ്പിയ്ക്കും.

ഈ പട്ടികയില്‍ നമ്മള്‍ നിര്‍ദേശിയ്ക്കുന്ന പേരുകള്‍ സെലക്റ്റ് കമ്മറ്റി അംഗീകരിച്ചോളണമെന്നില്ല. പട്ടികയില്‍ പേരു പോലുമില്ലാത്തവരെ ലോക്പാലില്‍ നിയമിയ്ക്കാന്‍ കഴിയും. അതിലും നല്ലത് പേഴ്‌സനല്‍ മന്ത്രാലയം കൊടുക്കുന്ന പട്ടികയില്‍ നിന്നോ സ്വന്തം നിലയ്‌ക്കോ സെലക്റ്റ് കമ്മറ്റി നേരിട്ട് തിരഞ്ഞെടുക്കുന്നതാണ്- കെ.ടി തോമസ് കൂട്ടിച്ചേര്‍ത്തു.

നരിമാനു പിന്നാലെ കെ.ടി തോമസും സമിതി വിട്ടതോടു കൂടി ലോക്പാല്‍ വിഷയത്തില്‍ കേന്ദ്രം വെട്ടിലായിരിയ്ക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ലോക്പാലിന്റെ പ്രാഥമിക നടപടികളെങ്കിലും ആരംഭിയ്ക്കണമെന്ന നിശ്ചയത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍.

എന്നാല്‍ ഇനി ചുരുങ്ങിയ സമയം കൊണ്ട് ഇവരുടെ ഒഴിവിലേയ്ക്ക് കഴിവുള്ള നിയമ വിദഗ്ധരെ കണ്ടെത്തി ലോക്പാലിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനു കഴിയില്ല.

Advertisement