ന്യൂദല്‍ഹി: കെ.ജി ബാലകൃഷ്ണന്‍ സ്വത്ത് വിവരം വെളിപ്പെടുത്താന്‍ മടിക്കുന്നത് ശരിയല്ലെന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് വര്‍മ്മ. വിവരാവകാശ നിയമപ്രകാരം സ്വത്ത് വിവരം പുറത്തുവിടരുതെന്ന കെ.ജി.ബിയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ന്യായാധിപന്‍മാര്‍ സംശയത്തിന് അതീതരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.ജി ബാലകൃഷ്ണന്റെ സ്വത്ത് വിവരം ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയും ആര്‍.ടി.ഐ ഫെഡറേഷന്റെ സംസ്ഥാന നേതാവുമായ ടി.ബാലകൃഷ്ണന്‍ വിവരാവകാശ പ്രകാരം സമീപിച്ചിരിരുന്നു. എന്നാല്‍ കെ.ജി.ബി ഇതിനെ എതിര്‍ക്കുകയായിരുന്നു. കെ.ജി.ബിയുടെ ഈ നിലപാടിനെയാണ് ജസ്റ്റിസ് വര്‍മ്മ കുറ്റപ്പെടുത്തിയിരിക്കുന്നത്.

അതേസമയം തന്റെ ഐ.ടി റിട്ടേണ്‍സ് പുറത്തുവിടരുതെന്ന നിര്‍ദേശമാണ് ഞാന്‍ അധികൃതര്‍ക്ക് നല്‍കിയതെന്ന് കെ.ജി.ബി പറഞ്ഞു. പാന്‍ നമ്പര്‍ അക്കൗണ്ട് നമ്പര്‍ തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇത് ആളുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണ്. വ്യക്തിപരമായ കാര്യങ്ങള്‍ പരസ്യമാവുന്നത് ആരും തന്നെ ആഗ്രഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.