ന്യൂദല്‍ഹി: അവിവാഹിതരായ രണ്ട് പെണ്‍കുട്ടികളെ ബാധ്യതയായി കാണിച്ച വനിതാ ജഡ്ജിന്റെ നടപടി വിവാദമാകുന്നു. സുപ്രീം കോടതി സിറ്റിങ് ജഡ്ജ് ഗ്യാന്‍ സുധാ മിശ്രയാണ് തന്റെ സ്വത്ത് സംബന്ധിച്ച് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയ വിവരത്തില്‍ രണ്ട് പെണ്‍കുട്ടികളെ ബാധ്യതയായി കാണിച്ചിരിക്കുന്നത്. മറ്റ് ബാധ്യതകള്‍ എന്ന ലിസ്റ്റിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജഡ്ജിയുടെ നടപടിക്കെതിരെ വനിതാ സംഘടനകള്‍ രംഗത്ത് വന്നു കഴിഞ്ഞു.

ജാര്‍ഘണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ ഇപ്പോഴത്തെ ഏക വനിതാ ജഡ്ജുമാണ് സുധ. മക്കളുടെ വിവാഹത്തിനുള്ള ചെലവ് വീട് നിര്‍മ്മിക്കാനുള്ള ചെലവ് എന്നിവയാണ് മറ്റ് ബാധ്യതകളുടെ കോളത്തില്‍ നല്‍കിയിരിക്കുന്നത്.

കുറച്ച് സ്വത്തുക്കളും ധരിക്കുന്ന ആഭരണങ്ങളുമാണ് അവര്‍ സമ്പാദ്യമായി കാണിച്ചിരിക്കുന്നത്.

‘ സ്ത്രീക്കും പുരുഷനും തുല്യാവകാശം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ വക്താക്കള്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത് സമൂഹ്യ മനസാക്ഷിക്കെതിരെയുള്ളതാണ്’ വനിതാ ആക്ടിവിസ്റ്റ് രഞ്ജനാ കുമാരി വ്യക്തമാക്കി. അഡ്വ. കീര്‍ത്തി സിങിനെപ്പോലുള്ളവരും ജഡ്ജിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.