എഡിറ്റര്‍
എഡിറ്റര്‍
‘ജസ്റ്റിസ് ഗാംഗുലിയെ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന് മാറ്റും’
എഡിറ്റര്‍
Thursday 2nd January 2014 8:15pm

a.k-ganguly

ന്യൂദല്‍ഹി: ലൈംഗികാരോപണക്കേസില്‍ ഉള്‍പ്പെട്ട മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഗാംഗുലിയെ പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന് മാറ്റുമെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇത് സംബന്ധിച്ച്് രാഷ്ട്രപതി കേന്ദ്രത്തോട് ഉപദേശം തേടിയിരുന്നു. രാഷട്രപതിയുടെ റഫറന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതോടെയാണ് ജസ്റ്റിസ് ഗാംഗുലിയെ മാറ്റുമെന്നത് വ്യക്തമായത്.

ചീഫ് ജസ്റ്റിസിന്റെ റഫറന്‍സ് കൂടി ലഭിച്ചു കഴിഞ്ഞാലായിരിക്കും രാഷ്ട്രപതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

നവംബര്‍ ആറിനാണ് ജഡ്ജിക്കെതിരേ ജൂനിയര്‍ അഭിഭാഷക ലൈംഗികാരോപണമുന്നയിച്ച് ബ്‌ളോഗിലൂടെ പരാമര്‍ശം നടത്തിയത്. ജേണല്‍ ഓഫ് ഇന്ത്യന്‍ ലോ ആന്‍ഡ് സൊസൈറ്റി എന്ന ബ്ലോഗിലാണ് യുവതി ജസ്റ്റിസിനെതിരെ രംഗത്തെത്തിയത്.

തുടര്‍ന്ന് ജസ്റ്റിസ്മാരായ ആര്‍. എം. ലോധ, എച്ച്. എല്‍. ദത്തു, രഞ്ജനാ ദേശായി എന്നിവരെ ചീഫ്ജസ്റ്റിസ് അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു.

സമിതി യുവതിയുടെ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് സത്യവാങ്മൂലങ്ങളും യുവതി സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാംഗുലിക്കെതിരെ തെളിവുണ്ടെന്ന് അന്വേഷണസമിതി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ തനിക്കെതിരെയുള്ള ലൈംഗികാരപോണത്തില്‍ തന്റെ വാദം കേട്ടില്ലെന്ന് ജസ്റ്റിസ് ഗാംഗുലി ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗാംഗുലി ചീഫ് ജസ്റ്റിസ് സദാശിവത്തിന് കത്തും അയച്ചിരുന്നു.

ലൈംഗികാരോപണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ തന്റെ ഭാഗം കേട്ടില്ലെന്നാണ് കത്തില്‍ പറഞ്ഞത്. റിപ്പോര്‍ട്ട് ചോര്‍ന്നതിനെയും ഗാംഗുലി കത്തില്‍ വിമര്‍ശിച്ചിരുന്നു.

ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും ഇതംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

Advertisement