ന്യൂദല്‍ഹി: അഴിമതിക്കേസില്‍ തന്നെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ഡി ദിനകരന്‍ സുപ്രീംകോടതിയെ സമീപിച്ചു. തന്റെ സ്വത്തിനെക്കുറിച്ചുള്ള പൂര്‍ണവിവരം ലഭ്യമാകാതെ തനിക്കെതിരേ നടപടികളൊന്നും എടുക്കരുതെന്നാണ് ദിനകരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തേ ദിനകരനെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് മൂന്നംഗ രാജ്യസഭാ സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് രാഷ്ട്രപതി അനുമതി നല്‍കിയത്. ജസ്റ്റിസ് അഫ്താബ് ആലം, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കേഹര്‍, പി.പി റാവു എന്നിവരായിരുന്നു ദിനകരനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയത്.

സമിതി അംഗമായ റാവുവിന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നും ദിനകരന്‍ ആരോപിച്ചിട്ടുണ്ട്. നേരത്തേ സുപ്രീംകോടതിയിലേക്ക് തന്നെ തിരഞ്ഞെടുത്തതിനെ എതിര്‍ത്ത ആളായിരുന്നു റാവുവെന്നും ദിനകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.