Categories

സര്‍­ക്കാര്‍ ഭീഷണി­പ്പെ­ടു­ത്താന്‍ നോ­ക്കേ­ണ്ട: ജ­സ്റ്റി­സ് രാ­മ­ച­ന്ദ്രന്‍ നായര്‍

കൊച്ചി: വഴിയോരങ്ങളിലെ യോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള വിധിക്കെതിരായ റിവ്യു ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ വിസമ്മതിച്ചു. വിധിയെ ന്യായീകരിച്ച് പൊതുവേദിയില്‍ സംസാരിച്ച ന്യായാധിപന്‍ പ്രസ്തുത വിധിക്കെതിരെയുള്ള റിവ്യൂ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സര്‍ക്കാരിന്റേത് തരം താണ നടപടിയാണെന്ന് ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടിയാണ് വിധി പ്രഖ്യാപിച്ചതെന്ന് കോടതി വ്യക്തമാക്കി. പൊതുനിരത്തില്‍ പൊതുയോഗം നടത്തുന്നതിലൂടെ ജനങ്ങള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. വിധിയില്‍ ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാര്‍ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. ഭീഷണികള്‍ വിലപ്പോകില്ല. റിവ്യു ഹര്‍ജിയില്‍ നിന്ന് ഒഴിവാകില്ല. റിവ്യു ഹര്‍ജി കേള്‍ക്കേണ്ടത് ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി തന്നെയാണ്. നിയമാനുസൃതം താന്‍ തന്നെയാണ് ബഞ്ചിലുണ്ടാകേണ്ടത്.

ന്യായാധിപന്‍മാര്‍ വിഢ്ഢികളാണെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഢ്ഢികളെ തിരുത്താന്‍ നിങ്ങള്‍ക്ക് കഴിയുമോയെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് കോടതി ചോദിച്ചു. അഢീഷണല്‍ ചീഫ് സെക്രട്ടറിയെ ശിഖണ്ഡിയെപ്പോലെ നിര്‍ത്തിയാണ് സര്‍ക്കാര്‍ കളിക്കുന്നതെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ റിവ്യു ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചത്.

റോഡരികില്‍ പൊതുയോഗം നടത്തുന്നത് നിരോധിച്ച് വിധിച്ച ഡിവിഷന്‍ ബെഞ്ചില്‍ അധ്യക്ഷനായ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്കെതിരെ സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയാണ് ഉപഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. റിവ്യൂ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹമുള്‍പ്പെടാത്ത മറ്റൊരു ബെഞ്ചിലേക്ക് ഹര്‍ജി വിടുന്ന കാര്യം പരിഗണിക്കാനായി ചീഫ് ജസ്റ്റിസിന് വിടണമെന്നുമായിരുന്നു ആവശ്യം.

റിവ്യൂ ഹര്‍ജി പരിഗണനയിലിരിക്കെ സ്വന്തം ഉത്തരവിനെ പൊതുവേദിയില്‍ ന്യായീകരിച്ച് സംസാരിക്കുന്നത് സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരാണെന്നാണ് പരാതി.

കോടതിയുടെ പരിഗണനയിലിരിക്കുന്നതോ, കോടതിക്കു മുന്നിലെത്താന്‍ സാധ്യതയുള്ളതോ ആയ കാര്യങ്ങളെപ്പറ്റി ന്യായാധിപന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ, പൊതുവേദിയില്‍ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യരുതെന്നതാണ് സുപ്രീം കോടതി മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.