കൊല്‍ക്കത്ത: തനിക്കെതിരായ സുപ്രീംകോടതി നടപടിയില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് കര്‍ണന്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. തനിക്കെതിരായ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഉള്‍പ്പെടുയുള്ള നാല് സിറ്റികളിലാണ് കര്‍ണന്‍ നിരാഹാരം കിടക്കാന്‍ പോകുന്നത്.


Also read പണത്തിനായി ടി.വി ഷോകളില്‍ പങ്കെടുക്കുക തന്നെ ചെയ്യും; തനിക്ക് മുന്‍ ഉപമുഖ്യമന്ത്രിയെ പോലെയാകാന്‍ കഴിയില്ല; സിദ്ധു 


ദല്‍ഹിയില്‍ രാഷ്ട്രപതി ഭവന് മുന്നിലോ രാം ലീലാ മൈതാനത്തോ അനുമതി ലഭിക്കുന്നതിനനുസരിച്ച് നിരാഹാരം കിടക്കുമെന്നാണ് ജസ്റ്റിസ് കര്‍ണന്റെ ഉപദേശകന്‍ പീറ്റര്‍ രമേഷ് വ്യക്തമാക്കിയത്. ദല്‍ഹിക്കു പുറമെ ചെന്നൈ, കൊല്‍ക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിലാകും നിരാഹാര സമരം നടത്തുക.

കോടതിയലക്ഷ്യ കേസിനെത്തുടര്‍ന്ന് തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടും കേസും കോടതിയില്‍ ഏര്‍പ്പെടുത്തിയ വിലക്കും നീക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം. മദ്രാസ് ഹൈക്കോടതി ജഡ്ജിനെതിരെ പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 8 മുതല്‍ കര്‍ണനെ കോടതി നടപടികളില്‍ നിന്ന് സുപ്രീം കോടതി വിലക്കിയിരുന്നു.

തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ്ജസ്റ്റിസും മുതിര്‍ന്ന ആറു ജഡ്ജുമാരും മാനനഷ്ടം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണന്‍ സ്വമേധയാ വിധി പുറപ്പെടുവിച്ചിരുന്നു. 14 കോടി രൂപ മാര്‍ച്ച് 16നു മുമ്പായി നല്‍കണമെന്നും അല്ലാത്തപക്ഷം ജഡ്ജിമാരുടെ നിയമപരമായ അവകാശങ്ങള്‍ പിന്‍വലിക്കുമെന്നുമായിരുന്നു കര്‍ണന്‍ സ്വമേധയ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്.