മുന്‍ ടെലികോം മന്ത്രി എ.രാജ മദ്രാസ് ഹൈക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ സുപ്രീം കോടതി ജഡ്ജി തന്നെ രംഗത്തുവന്നിരിക്കുകയാണ്.

രാജയെ കുറ്റപ്പെടുത്തി മദ്രാസ് ഹൈക്കോടതി ജഡ്ജി രഘുപതി തനിക്ക് കത്ത് അയച്ചിരുന്നില്ല. ജസ്റ്റിസ് ഗോഖ്‌ലെയുടെ കത്തില്‍ ഒരു മന്ത്രിയുടേയും പേരില്ല തുടങ്ങിയ കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്‍പില്‍ കെ.ജി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മുന്‍ മന്ത്രി എ. രാജ തന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നു പറഞ്ഞ് ജസ്റ്റിസ് രഘുപതി അയച്ച കത്തിന്റെ പകര്‍പ്പ് അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കെ.ജി ബാലകൃഷ്ണന് അയച്ചിരുന്നതായി സുപ്രീം കോടതി ജഡ്ജി വെളിപ്പെടുത്തിയിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കുമുന്‍പില്‍ കെ.ജി ബാലകൃഷ്ണന്‍ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന ഈ പ്രഖ്യാപനം അഴിമതിയുടെ കറ നീതിപീഠത്തിലും പറ്റിയിട്ടുണ്ട് എന്ന സൂചനയാണ് നല്‍കുന്നത്.

കെ.ജി ബാലകൃഷ്ണന്‍ പറഞ്ഞത് കള്ളമാണെങ്കില്‍ ആര്‍ക്കുവേണ്ടിയാണ് അദ്ദേഹം കള്ളം പറഞ്ഞത്? അനീതിയുടെ മുഖം മൂടി വലിച്ചെറിയേണ്ടവര്‍ തന്നെ അതിന് കൂട്ടുനില്‍ക്കുന്നു എന്ന ദയനീയാവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ ഒരു സാധാരണക്കാരനാണങ്കില്‍ ഈ പ്രശ്‌നത്തെ ഗൗരവത്തോടെ കാണേണ്ടതില്ലായിരുന്നു.

ജസ്റ്റിസ് ഗോഖലെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കില്‍ കോടതികളില്‍ പോലും നമുക്കിനി നീതി ലഭിക്കില്ല എന്ന സൂചനയല്ലേ അത് നല്‍കുന്നത്. ഭരണകര്‍ത്താക്കളുടേയും ഉദ്യോഗസ്ഥരുടേയും കൂലിക്കാരായി ജഡ്ജിമാര്‍ അധ: പതിക്കുന്ന കാഴ്ച വരും കാലങ്ങളില്‍ നാം കാണേണ്ടിവരുമോ?