ന്യൂദല്‍ഹി: ജനവിരുദ്ധ സാമ്പത്തിക പരിഷ്‌കരണത്തിന്റെ പേരില്‍ സ്വന്തം മുന്നണിയില്‍ നിന്ന്‌പോലും വിമര്‍ശനം നേരിടുന്ന പ്രധാനമന്ത്രിക്ക് പിന്തുണയുമായി നിയുക്ത ചീഫ് ജസ്റ്റിസ്. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ അത്യാവശ്യമാണെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അഭിപ്രായപ്പെട്ടു. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം ആവശ്യമാണെന്നും അല്‍ത്തമാസ് കബീര്‍ വിശദീകരിച്ചു.

Ads By Google

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് കൂടുതല്‍ വിശ്വാസ്യത കൂട്ടാന്‍ കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. 1991ലെ മന്ത്രിസഭയില്‍ കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രിയെന്നും  അല്‍ത്തമാസ് കബീര്‍ മന്‍മോഹനെ പ്രകീര്‍ത്തിക്കുന്നുമുണ്ട്.

സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ഈ അവസരത്തിലാണ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി നിയുക്ത ചീഫ് ജസ്റ്റിസ് എത്തിയതെന്നത്‌ ശ്രദ്ധേയമാണ്.

സാമ്പത്തിക പരിഷ്‌കരണത്തെ കുറിച്ച് ഇന്ത്യന്‍ ബാര്‍ അസോസിയേഷനും ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ചടങ്ങിനിടെയാണ് പ്രധാനമന്ത്രിക്കെതിരെ പാട്യാല ഹൗസ് അഭിഭാഷകനായ സന്തോഷ് കുമാര്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചത്. പ്രധാനമന്ത്രി തിരിച്ചുപോകുക, വില വര്‍ധനവ് പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു സന്തോഷിന്റെ പ്രകടനം.