ലണ്ടന്‍ : ലൈംഗികാപവാദക്കേസില്‍ സ്വീഡനിലേക്ക് നാടുകടത്താന്‍ വിധിക്കപ്പെട്ട വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് രാഷ്ട്രീയ അഭയം തേടി ഇക്വഡോറിനെ സമീപിച്ചു. അസാന്‍ജിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച ഇക്വഡോര്‍ തീരുമാനം ഉടന്‍ ഉണ്ടാകില്ലെന്ന് അറിയിച്ചു.

വിക്കിലീക്‌സിലെ രണ്ട് വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആരോപിതനായ അസാന്‍ജിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സ്വീഡന് കൈമാറണമെന്നാവശ്യപ്പെട്ട് സ്വീഡന്‍ ബ്രിട്ടന് ഹര്‍ജി നല്‍കിയിരുന്നു. ഇതിനെതിരായി അസാന്‍ജ് നല്‍കിയ ഹര്‍ജി തള്ളിയ സുപ്രീം കോടതി അദ്ദേഹത്തെ നാടുകടത്താന്‍ വിധിക്കുകയായിരുന്നു. തുടര്‍ന്നാണ് അസാന്‍ജ് ഇക്വഡോറിനെ സമീപിച്ചത്.

പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യമായതിനാല്‍ അറസ്റ്റ് വാറന്‍ഡ് നിയമപരമല്ലെന്ന അസാന്‍ജിന്റെ വാദം സുപ്രീം കോടതി തള്ളുകയായിരുന്നു.

അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആഭ്യന്തര രഹസ്യങ്ങള്‍ വിക്കിലീക്‌സിലൂടെ വെളിപ്പെടുത്തിയ അസാന്‍ജ് 2010 ഡിസംബറിലാണ് ലൈംഗികാപവാദക്കേസില്‍ അറസ്റ്റിലാവുന്നത്. പിന്നീട് കര്‍ശനമായ ജാമ്യ വ്യവസ്ഥയില്‍ ബ്രിട്ടനില്‍ കഴിഞ്ഞുവരികയായിരുന്നു അസാന്‍ജ്.