ലണ്ടന്‍ : വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് ഇക്വഡോറില്‍ രാഷ്ട്രീയ അഭയം നല്‍കുന്നതിനെതിരെ ബ്രിട്ടനും സ്വീഡനും രംഗത്ത്. അസാഞ്ജിന് രാഷ്ട്രീയ അഭയം നല്‍കുന്നത് ഇക്വഡോറുമായുളള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്നാണ് ബ്രിട്ടന്റെയും സ്വീഡന്റെയും ആശങ്ക.

Ads By Google

ഇക്വഡോറില്‍ അഭയം ലഭിച്ചെങ്കിലും അസാഞ്ജിനെ അത്രയെളുപ്പം രാജ്യം വിടാന്‍ അനുവദിക്കുകയില്ലെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. അതേസമയം, പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇക്വഡോര്‍ വിദേശകാര്യ മന്ത്രി റിക്കാര്‍ഡോ പാടിനോ പറഞ്ഞു. തങ്ങളുടെ തീരുമാനം ബ്രിട്ടന്‍ മാനിക്കണമെന്നും അല്ലെങ്കില്‍ അസാഞ്ജിന്റെ യാത്രയ്ക്ക് അന്താരാഷ്ട്ര നിയമമനുസരിച്ചുള്ള സംവിധാനങ്ങള്‍ തേടുമെന്നും പാടിനോ പറഞ്ഞു.

ഒരു പരമാധികാര സ്വതന്ത്രരാജ്യം രാഷ്ട്രീയ അഭയം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടും അസാഞ്ജ് എംബസിയില്‍ തന്നെ ഇനിയും കഴിഞ്ഞുകൂടേണ്ടി വരുന്നത് നല്ല കാര്യമല്ലെന്നും അസാഞ്ജിനെ സ്വീഡന്‌ കൈമാറുന്നത് അദ്ദേഹത്തിന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ കാരണമാകുമെന്നും ഇക്വഡോര്‍ അഭിപ്രായപ്പെട്ടു.

വിക്കിലീക്‌സിലൂടെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആഭ്യന്തര രഹസ്യങ്ങള്‍ അസാഞ്ജ് പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ സഹപ്രവര്‍ത്തകരായ സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസില്‍ അസാഞ്ജിനെ സ്വീഡനിലേക്ക് നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍  അമേരിക്കയ്ക്ക്‌ വേണ്ടി തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് അസാഞ്ജിന്റെ ആരോപണം. സ്വീഡനിലേക്ക് തന്നെ നാടുകടത്തിയാല്‍ അവിടെനിന്ന് അമേരിക്കയ്ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്നും അസാഞ്ജ് പറയുന്നു.

തുടര്‍ന്ന് അസാഞ്ജ് തന്നെ സ്വീഡനിലേക്ക് നാടുകടത്തുന്നത് തടയുന്നതിനായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. അസാഞ്ജിന് രാഷ്ട്രീയ അഭയം നല്‍കുമെന്ന് ഇക്വഡോര്‍ വിദേശകാര്യ മന്ത്രി റിക്കാര്‍ഡോ പാടിനോ അറിയിക്കുകയും ചെയ്തു.

ഇക്വഡോറിന്റെ തീരുമാനം ചരിത്രവിജയമാണെന്നും പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്നും അസാഞ്ജ് അറിയിച്ചു. വിക്കിലീക്‌സിനെതിരെ അമേരിക്ക നടത്തുന്ന അന്വേഷണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.