എഡിറ്റര്‍
എഡിറ്റര്‍
സുപ്രീംകോടതി അപ്പീല്‍ തള്ളി; അസാഞ്ചെയെ സ്വീഡനിലേക്ക്‌ നാടുകടത്തും
എഡിറ്റര്‍
Wednesday 30th May 2012 4:30pm

ലണ്ടന്‍: ലൈംഗിക കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയനായ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെ സ്വീഡന് കൈമാറാന്‍ ബ്രിട്ടീഷ് സുപ്രീംകോടതിയുടെ ഉത്തരവ്. സ്വീഡനു കൈമാറുന്നത് തടയണമെന്ന അസാഞ്ചെയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ തീരുമാനം.

അസാഞ്ചെയ്‌ക്കെതിരെ ബ്രിട്ടണിലുള്ള നിയമനടപടികള്‍ പൂര്‍ത്തിയായെന്നും നിയമപരമായിതന്നെ സ്വീഡന് കൈമാറുകയാണെന്നും സുപ്രീം കോടതി പ്രസിഡന്റ് നിക്കോളാസ് ഫിലിപ്പ്‌സ് അറിയിച്ചു. ഹരജി പരിഗണിച്ച ഏഴ് ജഡ്ജിമാരില്‍ 5പേരും അസാഞ്ചെയ്ക്ക് എതിരായാണ് വോട്ട് ചെയ്തത്. ലോഡ് മാന്‍സ്, ലേഡി ഹെയ്ല്‍ എന്നിവരാണ് അസാഞ്ചെയ്ക്ക് അനുകൂലമായി വോട്ടുചെയ്തത്.

2010ന്റെ മധ്യത്തില്‍ രണ്ട് സ്വീഡീഷ് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അസാഞ്ചെയെ കൈമാറുന്നത്. കേസില്‍ നേരത്തെ കീഴ്‌ക്കോടതില്‍ അസാഞ്ചെയെ സ്വീഡന് കൈമാറാന്‍ ഉത്തരവിട്ടിരുന്നു. വിധിയ്‌ക്കെതിരെ സുപ്രീംകോടതി നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

വിധി പ്രസ്താവിക്കുമ്പോള്‍ അസാഞ്ചെ കോടതിയില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം ഹാജരാകണമെന്ന് നിര്‍ബന്ധമില്ലായിരുന്നു. ജൂണ്‍ 13ന് മുമ്പ് അസാഞ്ചെയെ നാടുകടത്താനുള്ള നടപടികള്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ആരംഭിക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

വിധിയ്‌ക്കെതിരെ  യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ അസാഞ്ചെയുടെ അഭിഭാഷകര്‍ ആരംഭിച്ചിട്ടുണ്ട്. യു.എസ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന നിരവധി രഹസ്യ രേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചതു വഴിയാണ് അസാഞ്ചെ പ്രസിദ്ധനായത്.

Advertisement