ലണ്ടന്‍: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ അറസ്റ്റില്‍. ഇംഗ്ലണ്ടിലാണ് അറസ്റ്റിലായത്. സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസിലാണ് അറസ്റ്റ്.

നേരത്തെ സ്വീഡന്‍ അസാന്‍ജിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ട് സ്വീഡന്‍ ബ്രിട്ടീഷ് അധികൃതര്‍ക്കും കൈമാറിയിട്ടുണ്ട്. ബലാത്സംഗം, നിയമവിരുദ്ധമായ ബലപ്രയോഗം, പീഡനം എന്നീ കുറ്റങ്ങളില്‍ ആരോപണ വിധേയനായ അസാഞ്ചെയെ ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് ചെയ്യണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ശക്തമായി വാദിച്ചിരുന്നു.

ഓഗസ്റ്റില്‍ സ്വീഡന്‍ സന്ദര്‍ശിച്ചപ്പോള്‍ രണ്ട് സ്ത്രീകളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് അസാഞ്ചെയ്ക്ക് എതിരെ ബലാത്സംഗ ആരോപണം ഉയര്‍ന്നത്. എന്നാല്‍, താന്‍ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത് എന്ന് അസാഞ്ചെ പറയുന്നു.

അമേരിക്കന്‍ യുദ്ധ രഹസ്യങ്ങള്‍ വിക്കലീക്‌സ് പുറത്ത് വിട്ടതോടെയാണ് അതിന്റെ സ്ഥാപകന്‍ അസാന്‍ജെ ശ്രദ്ധേയനായത്. രാഷ്ട്രീയവും നിയമപരവും സാങ്കേതികവുമായ വെല്ലുവിളികള്‍ വിക്കിലീക്ക്‌സ് നേരിട്ടുകൊണ്ടിരിക്കെയാണ് അസാന്‍ജെയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ യുദ്ധ,നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തി വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചതിന് ശേഷമാണ് വെബ്‌സൈറ്റ് സ്ഥാപകന്‍ അസാന്‍ജെക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ശ്രദ്ധേയം.

അതേസമയം അസാന്‍ജെയുടെ അക്കൗണ്ട് സ്വിസ് ബാങ്ക് മരവിപ്പിച്ചു. ഓണ്‍ലൈന്‍ ബാങ്കിംഗ് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതോടെ 31,000 യൂറോയുടെ സ്വകാര്യ സ്വത്തും ഡിഫന്‍സ് നിക്ഷേപവും അസാന്‍ജിനു കൈകാര്യം ചെയ്യാന്‍ കഴിയില്ല.

ജൂലിയന്‍ അസാന്‍ജെയുമായി അഭിമുഖം