ബാംഗ്ലൂര്‍: ഗാര്‍ഹിക പീഡനത്തിന് പരാതിയുമായി എത്തിയ യുവതിക്ക് ഹൈക്കോടതി ജഡ്ജി വക ഉപദേശം, ഭര്‍ത്താവിന് നല്ല ബുദ്ധി വരുന്നത് വരെ എല്ലാം സഹിക്കുക!

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട യുവതിയോടായിരുന്നു ജഡ്ജിയുടെ അഡ്ജസ്റ്റ് ചെയ്യാനുള്ള ഉപദേശം. സ്വന്തം ജീവിതത്തെയും കുഞ്ഞുങ്ങളേയും ഓര്‍ത്ത് എല്ലാം സഹിക്കണമെന്നും ഭര്‍ത്താവ് ഒരു നാള്‍ സ്വയം തിരിച്ചറിയുമെന്നുമായിരുന്നു ഉപദേശം.

Ads By Google

കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ഭക്തവല്‍സലാണ് വിചിത്രമായ ഉപദേശവുമായി വിവാദനായകനായിരിക്കുന്നത്.

ജഡ്ജിയുടെ ഉപദേശത്തിനെതിരെ വിവിധ സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ജഡ്ജിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് സംഘടനകളുടെ ആവശ്യം. ജഡ്ജിക്കെതിരെ ഓണ്‍ലൈന്‍ കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ് സംഘടനകള്‍.

ജഡ്ജിക്കെതിരെ വനിതാ അഭിഭാഷകരും നിവേദനം നല്‍കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കേസുകളില്‍ ഇത്ര കേവലമായി ഇടപെടാന്‍ ഒരു ജഡ്ജിക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് ഇവര്‍ ചോദിക്കുന്നത്.

സ്ത്രീകളുടെ മാനസികാവസ്ഥകൂടി പരിഗണിക്കാന്‍ പ്രാവീണ്യമുളള ജഡ്ജിയെയാവണം ഇത്തരം കേസുകളില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും വനിതാ അഭിഭാഷകര്‍ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.