ഒമര്‍ ലുലുവിന്റെ ചിത്രം ഒരു അഡാര്‍ ലവിലെ മാണിക്യ മലരായ പൂവിയെന്ന ഗാനം സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. ഗാനത്തേക്കാളേറെ ഹിറ്റായത് ഗാനരംഗത്തുള്ള പ്രിയ വാര്യരുടെ എക്‌സ്പ്രഷന്‍സായിരുന്നു. ഒറ്റദിവസം കൊണ്ട് ഉണ്ടായ ഈ പ്രശസ്തി പ്രിയയെ ആകെ കുഴക്കിയിരിക്കുകയാണെന്നാണ് ഗാനരംഗത്തില്‍ പ്രധാന മ്യുസീഷ്യനായി അഭിനയിച്ച ജുബൈര്‍ മുഹമ്മദ് പറയുന്നത്.

‘ പ്രിയയുടെ അമ്മയാണ് അവളുടെ എല്ലാ ഷെഡ്യൂളുകളും നോക്കുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ് അവളിപ്പോള്‍. ഒരു രാത്രികൊണ്ട് എല്ലാം മാറി. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ വരെ പേടിയാണ് അവര്‍ക്കിപ്പോള്‍. ഒരു രാത്രികൊണ്ട് എല്ലാവര്‍ക്കും അവളുടെ മുഖം പരിചിതമായിരിക്കുകയാണ്. എല്ലാവരും അവളെ തിരിച്ചറിയുകയാണ്. ആരും നേരിടാന്‍ സജ്ജമായ ഒരു സാഹചര്യമായിരിക്കില്ല അത്. വളരെ സോഷ്യലായ ഫ്രഡ്‌ലിയായ പെണ്‍കുട്ടിയാണ് അവര്‍. പക്ഷേ ഈ സാഹചര്യത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അവള്‍ക്ക് അറിയില്ല.’ എന്നാണ് അദ്ദേഹം പറയുന്നത്.

ചിത്രത്തിലേക്ക് ലീഡ് റോളില്‍ ആയിരുന്നില്ല പ്രിയയെ കാസ്റ്റ് ചെയ്തിരുന്നതെന്നാണ് ജുബൈര്‍ പറയുന്നത്. എന്നാല്‍ അവളുടെ പ്രകടനം കണ്ടപ്പോള്‍ സംവിധായകന്‍ ഒമര്‍ ലുലു സ്‌ക്രിപ്റ്റ് തന്നെ മാറ്റാന്‍ തീരുമാനിക്കുകയും അവള്‍ക്ക് കുറേക്കൂടി വലിയ റോള്‍ നല്‍കുകയുമായിരുന്നു.

സംവിധായകന്‍ ഒമര്‍ ലുവിന്റെ അടുത്ത സുഹൃത്താണ് ജുബൈര്‍. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ജുബൈര്‍ നല്ലൊരു കമ്പോസറും ഗായകനുമാണ്. ഹാപ്പി വെഡ്ഡിങ്ങിലും അദ്ദേഹം ഒമറിനൊപ്പം വര്‍ക്കു ചെയ്തിരുന്നു.